12:54pm 18 September 2026
NEWS
വി ഡി സതീശൻ സർക്കാരിന് വെള്ളാപ്പള്ളിയുടെ പ്രശംസ; പിണറായി സർക്കാരിന് കുത്തും
18/09/2026  12:00 PM IST
nila
വി ഡി സതീശൻ സർക്കാരിന് വെള്ളാപ്പള്ളിയുടെ പ്രശംസ; പിണറായി സർക്കാരിന് കുത്തും

കൊച്ചി: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരായ സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമ സ്ഥാപനങ്ങളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടത്. ‘യോഗനാദം’ വാരികയിലെ എഡിറ്റോറിയലിലാണ് അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം.

പത്രപ്രവർത്തനത്തിന് വലിയ പാരമ്പര്യമുള്ള കേരളത്തിൽ, അടുത്തകാലത്ത് കോടീശ്വരന്മാരായ കുറ്റവാളികളും തട്ടിപ്പുകാരും പലിശക്കാരും മാധ്യമ സ്ഥാപനങ്ങൾ സ്വന്തമാക്കി സമൂഹത്തിൽ മാന്യത നേടിയെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് വെള്ളാപ്പള്ളി ആരോപിച്ചത്. മാധ്യമങ്ങളുടെ മറവിൽ എന്തും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടതില്ലെന്നുമുള്ള തെറ്റിദ്ധാരണയിലാണ് ഇത്തരം മാധ്യമ ഉടമകൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

വയനാട്ടിലെ വിവാദ മരംമുറി കേസിൽ ജയിൽശിക്ഷ അനുഭവിച്ചവരാണ് ആന്റോ അഗസ്റ്റിനും സഹോദരങ്ങളെന്നും ഇവർക്കെതിരെ മറ്റ് നിരവധി തട്ടിപ്പ് കേസുകളുണ്ടെന്നും എഡിറ്റോറിയലിൽ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിക്കാനെന്ന പേരിൽ കോടികൾ ചെലവഴിക്കുകയും സംസ്ഥാന കായിക വകുപ്പിനെയും അന്നത്തെ മന്ത്രിയെയും ഉപയോഗപ്പെടുത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഇക്കാര്യങ്ങളിൽ മുൻ സർക്കാരും അറിഞ്ഞോ അറിയാതെയോ കൂട്ടുനിന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ചാനൽ ഓഫീസിൽ നടന്ന റെയ്ഡിന്റെ പേരിൽ സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം തകർന്നുവെന്ന വാദത്തെയും വെള്ളാപ്പള്ളി തള്ളി. മാഫിയകളും കുറ്റവാളികളും മാധ്യമ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹനന്മ ലക്ഷ്യമിട്ടല്ലെന്നും അത്തരം ആളുകൾക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമ്പോൾ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരിൽ പ്രതിഷേധിക്കുന്നത് കുറ്റവാളികളെ വെള്ളപൂശുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചാനലുകളിൽ പണം നിക്ഷേപിച്ച് നിയന്ത്രണം ഏറ്റെടുത്ത ശേഷം വ്യാജവാർത്തകൾ സൃഷ്ടിച്ച് എതിരാളികളെ തകർക്കാൻ ശ്രമിക്കുന്ന ‘വമ്പൻ സ്രാവുകൾ’ മാധ്യമരംഗത്തുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കള്ളപ്പണക്കാർക്കും പലിശക്കാരും ഉൾപ്പെടുന്ന ഇത്തരം മാധ്യമ മാഫിയകൾ മുൻ സർക്കാരിന്റെ കാലത്ത് ചില ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഒത്താശയോടെ പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ആന്റോ അഗസ്റ്റിനെതിരായ കേസിൽ യാതൊരു വിട്ടുവീഴ്ചയും കൂടാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായി ആരോപിക്കപ്പെടുന്ന മറ്റ് വമ്പൻ സ്രാവുകളെയും നിയമത്തിന് മുന്നിലെത്തിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img