
മുഖ്യമന്ത്രി പിണറായി വിജയൻ നവോത്ഥാന നായകപ്പട്ടം ചാർത്തി നൽകിയ വെള്ളാപ്പള്ളിയുടെ അതിരുകടന്ന വിധേയത്വം എൽ.ഡി.എഫിന് വിനയാകുമോ?
വേലിയിൽ കിടന്നതിനെ എടുത്ത് വേണ്ടാത്തിടത്ത് വച്ചു എന്നുപറയും പോലുള്ള അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും പിന്നെ നിയമസഭാ തെരഞ്ഞെടുപ്പും പടിപ്പുരവാതിൽക്കൽ എത്തിനിൽക്കെ വേലിയിൽ നിന്നെടുത്ത് വേണ്ടാത്തിടത്തുവച്ച ആ സാധനം അവിടിരുന്നു കൊണ്ടുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. മുഖ്യമന്ത്രി തന്നെ പട്ടം ചാർത്തിക്കൊടുത്ത നവോത്ഥാന നായകൻ വെള്ളാപ്പള്ളി അവർകളുടെ കാര്യമാണ് പറയുന്നത്.
പതിനഞ്ചാം നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് ഇനി കേവലം അഞ്ചുമാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഏപ്രിൽ മാസത്തിൽ തെരഞ്ഞെടുപ്പ് നടന്ന് മേയ്മാസത്തിനകം പുതിയ മന്ത്രിസഭ അധികാരമേൽക്കണം. അതുകൊണ്ടുതന്നെ, അതിനുമുൻപ് നവംബർ അവസാനമോ ഡിസംബർ ആദ്യമോ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ചിടത്തോളം സെമിഫൈനലാണ്. ഫൈനലിന് തൊട്ടുമുൻപുള്ള നിർണ്ണായക മത്സരം. അത് മുന്നിൽ കണ്ട് സർവ്വശക്തി സമാഹരണത്തോടെ കളം നിറയുവാനുള്ള അവസാന തയ്യാറെടുപ്പിലാണ് മുന്നണികളൊക്കെയും.
സാധാരണ നിലയിൽ ഏതൊരു തെരഞ്ഞെടുപ്പിലും ഭരണപക്ഷത്തെ അടിച്ചിരുത്തുവാൻ പ്രതിപക്ഷം ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധം ഭരണവിരുദ്ധ വികാരമാണ്. പ്രവർത്തന നിരതമായ ഏതൊരു ഗവൺമെന്റിനെയും സംബന്ധിച്ചിടത്തോളം വീഴ്ചകളും പാളിച്ചകളുമൊക്കെ സ്വാഭാവികം മാത്രമാണ്. അതിനപ്പുറമൊന്നും പിണറായി സർക്കാരിനും സംഭവിച്ചിട്ടില്ല. തുടർച്ചയായ പത്തുവർഷഭരണം പൂർത്തിയാക്കാറാകുമ്പോഴും മുൻ സർക്കാരുകളിൽ നിന്ന് വ്യത്യസ്തമായി ഒരു ദിവസം പോലും ട്രഷറി അടച്ചിടാതെയും കറന്റ് കട്ട് ഇല്ലാതെയുമൊക്കെ വികസനത്തിന്റെ പാതയിലൂടെ കേരളത്തെ ഏറെ മുന്നോട്ടുകൊണ്ടുപോകുവാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നുള്ളത് നിഷേധിക്കാനാകാത്ത കാര്യമാണ്. അപ്പോൾ, മുകളിൽ പറഞ്ഞപോലെ അറിയാതെയും അറിഞ്ഞും സംഭവിച്ച വീഴ്ചകൾ സ്വാഭാവികം. സി.പി.എമ്മിന്റെ ഭാഷയിൽ പറഞ്ഞാൽ 'ജാഗ്രതക്കുറവ്.'
ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ പിണറായി സർക്കാരിന് സംഭവിച്ച ആ 'ജാഗ്രതക്കുറവ്' തന്നെയായിരിക്കും വരാൻ പോകുന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷത്തിന്റെ വജ്രായുധം.
യു.ഡി.എഫ് അങ്ങനൊരു കോപ്പുകൂട്ടലിന് ഓടിനടക്കുമ്പോൾ, അവർ പോലും അറിയാതെ ഒരു പാവം മനുഷ്യൻ അവർക്ക് ചെയ്തുകൊണ്ടിരിക്കുന്ന വിലപ്പെട്ട സഹായങ്ങൾ അവർ കാണുന്നില്ല. ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ കയറ്റാൻ വീണ്ടും കണ്ണെറിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഏറെ പ്രിയംകരനായ വെള്ളാപ്പള്ളി നടേശനാണ് ആ പാവം മനുഷ്യൻ. തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് നേട്ടമുണ്ടാക്കുവാൻ വേണ്ടി നിഷ്‌ക്കളങ്ക, നിസ്വാർത്ഥ സേവനം നൽകുന്ന, ആധുനിക കേരളത്തിന്റെ ഈ നവോത്ഥാന നായകന്റെ ചിത്രം,യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കുറഞ്ഞപക്ഷം മന്ത്രി മന്ദിരങ്ങളുടെയെങ്കിലും മുൻവശത്ത് ചില്ലിട്ടുവയ്ക്കണം. ഈ മനുഷ്യൻ ഈ വീടിന്റെ ഐശ്വര്യം എന്നുള്ള അടിക്കുറിപ്പോടുകൂടി.
കാരണം വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ മൂന്നാമൂഴ മോഹം തകർത്തെറിയുവാൻ യു.ഡി.എഫിന് കഴിയുമെങ്കിൽ, അതിന്റെ പ്രധാന കാരണക്കാരൻ ഈ കണിച്ചുകുളങ്ങരക്കാരൻ കാരണവർ തന്നെയായിരിക്കും. എങ്ങനെ?
1993 ൽ പുറത്തിറങ്ങിയ പ്രിയദർശൻ സംവിധാനം ചെയ്ത്, മോഹൻലാൽ, ഇന്നസെന്റ് എന്നിവർ അഭിനയിച്ച് ബോക്‌സ് ഓഫീസ് ഹിറ്റ് ആയ സിനിമയാണ് 'മിഥുനം.' ഇതിൽ മോഹൻലാൽ അവതരിപ്പിക്കുന്ന സേതുമാധവൻ എന്ന കഥാപാത്രം ദാക്ഷായണി ബിസ്‌ക്കറ്റ് എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങുവാൻ വേണ്ടി പെടാപ്പാടുപ്പെടുന്നതിന്റെ രസകരമായ ചിത്രം വരച്ചുകാട്ടുന്നുണ്ട്. പ്രസ്തുത കമ്പനിക്ക് ഇലക്ട്രിസിറ്റി ബോർഡിൽ നിന്നുള്ള അനുമതി നൽകുന്നതിലേക്കായി, ചീഫ് എൻജിനീയർ കരുണാകരൻ(സി.ഐ. പോൾ) ഇൻസ്‌പെക്ഷന് വരുന്ന ഒരു സീനുണ്ട്. തത്സമയം സേതുമാധവനോടൊപ്പം അയാളുടെ മൂത്ത ജ്യേഷ്ഠൻ ലൈൻമാൻ കെ.ടി. കുറുപ്പും(ഇന്നസെന്റ്) കമ്പനിയിലുണ്ട്. ബ്യൂറോക്രസിയുടെ തനിരൂപം വെളിപ്പെടുത്തുന്ന ഒരു സീനാണ് അത്. ചീഫ് എഞ്ചിനീയർ അതുണ്ടോ ഇതുണ്ടോ എന്നൊക്കെയുള്ള അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് ഏത് വിധേനയും സേതുമാധവനെ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുമ്പോൾ സഹികെട്ട് ജ്യേഷ്ഠൻ കുറുപ്പ് സി.ഇ. കരുണാകരനെ അടിക്കുന്നു. അനുജനോടുള്ള സ്‌നേഹം കൊണ്ടും, തനിക്കെതിരെ ഡിപ്പാർട്ട്‌മെന്റ് തലത്തിൽ നടപടിയെടുത്ത ചീഫ് എൻജീനിയറോടുള്ള ദേഷ്യം കൊണ്ടുമാണ് കുറുപ്പ് അയാളെ അടിക്കുന്നത്. പിന്നെ എന്ത് സംഭവിച്ചുകാണും എന്ന് ഊഹിക്കാമല്ലോ.
അതുപോലെ പിണറായിയോടുള്ള തീർത്താൽ തീരാത്ത സ്‌നേഹം കൊണ്ട് വെള്ളാപ്പള്ളി ചെയ്തുകൂട്ടുന്ന, പറഞ്ഞുവയ്ക്കുന്ന ഓരോ കാര്യവും തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ദോഷവും യു.ഡി.എഫിന് ഗുണവുമായി മാറും എന്നുള്ള കാര്യത്തിൽ സംശയമില്ല. വാഴുന്ന കൈയ്യിൽ വളയിടുന്ന സ്വഭാവക്കാരനായ വെള്ളാപ്പള്ളിക്ക്, പിണറായി വിജയൻ മുഖ്യമന്ത്രിയായി വന്നകാലം മുതൽക്കേ അദ്ദേഹത്തെ ഏറെ ഇഷ്ടമായിരുന്നു. ശബരിമല സ്ത്രീപ്രവേശന കാലത്ത് അത് കൂടുകയും ചെയ്തു. എൻ.എസ്.എസ് ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ സ്ത്രീപ്രവേശത്തെ എതിർത്ത് തെരുവിലിറങ്ങിയപ്പോൾ പിണറായിക്ക് പിന്നിൽ പാറപോലെ ഉറച്ചുനിൽക്കുകയാണ് വെള്ളാപ്പള്ളി ചെയ്തത്. അതിന്റെ നേട്ടം വൈകാതെ കിട്ടുകയും ചെയ്തു. വെള്ളാപ്പള്ളിയെ നവോത്ഥാന നായകനാക്കിയ പിണറായി, സംസ്ഥാനത്ത് ആദ്യമായി ഒരു നവോത്ഥാന സമിതി രൂപീകരിക്കുകയും വെള്ളാപ്പള്ളിയെ അതിന്റെ ചെയർമാനാക്കുകയും ചെയ്തു. ജാതിമത ചിന്തകൾക്കെതിരെ ശക്തമായി നിലപാടെടുക്കേണ്ട നവോത്ഥാന നായകൻ പക്ഷേ, സമിതി ചെയർമാൻ പട്ടം കൽപ്പിച്ചുകിട്ടിയെങ്കിലും മുസ്ലീം- ക്രിസ്ത്യൻ സമുദായങ്ങളോടുള്ള പഴയ നിലപാടിൽ മാറ്റം വരുത്താൻ തയ്യാറായില്ല. എന്നുമാത്രമല്ല പിൽക്കാലത്ത് അവരെ കടന്നാക്രമിക്കുന്ന രീതി ശക്തിപ്പെടുകയും ചെയ്തു.
എന്നിട്ടും സി.പി.എം നേതാക്കൾക്ക് വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനോളം വലിയ സാമൂഹ്യ പരിഷ്‌ക്കർത്താവും, കുമാരനാശാനേക്കാളും മികവുറ്റ എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയുമൊക്കെയായി. മുഖ്യമന്ത്രിയിൽ നിന്നുപോലും ഈവിധം പ്രശംസാപെരുമഴ ഉണ്ടാവുകയും, ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുവാൻ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ അദ്ദേഹത്തോടൊപ്പം കൊണ്ടുപോവുകയുമൊക്കെ ചെയ്തതോടെ, മുഖ്യമന്ത്രിയോടുള്ള സ്‌നേഹം മൂത്ത വെള്ളാപ്പള്ളി 'മിഥുനം' സിനിമയിലെ കുറുപ്പായി മാറുകയായിരുന്നു. പിന്നീട് വെള്ളാപ്പള്ളി വായ തുറന്നതൊക്കെയും പിണറായിയിക്ക് വേണ്ടി മാത്രമായിരുന്നു. അതാകട്ടെ മുസ്ലീം- ക്രിസ്ത്യൻ വിദേശങ്ങളിലെപ്പോലെതന്നെ ഹിന്ദുക്കളിലെയും ഒരു വലിയ വിഭാഗത്തെ സി.പി.എമ്മിന് എതിരാക്കിയിട്ടുണ്ട്. കാരണം, ശത്രുവിന്റെ ശത്രു മിത്രം എന്നപോലെ ശത്രുവിന്റെ മിത്രം കൊടും ശത്രുവുമാണ്.
മുഖ്യമന്ത്രി നല്ലൊരു ഭക്തനാണെന്നും, ക്ഷേത്രങ്ങളിലെ സ്വർണ്ണം അടിച്ചുമാറ്റുന്നത് നമ്പൂതിരിമാരാണെന്നും, ശബരിമലയിലെ സ്വർണ്ണക്കവർച്ച വലിയ പ്രശ്‌നമല്ലെന്നും, ദേവസ്വം ഭരണവുമായി ബന്ധപ്പെട്ട് മിക്കവരും കള്ളന്മാരാണെന്നും, മന്ത്രി വാസവൻ മാത്രമാണ സംശുദ്ധനും നല്ലയാളുമെന്നുമൊക്കെ പറഞ്ഞ് തന്നെ നവോത്ഥാനനായകനാക്കിയവരോടുള്ള വിധേയത്വം അരക്കിട്ടുറപ്പിച്ച വെള്ളാപ്പള്ളി വി.ഡി. സതീശനെയും കോൺഗ്രസ്സിനെയും തന്റെ സ്വതഃസിദ്ധമായ ഭാഷയിൽ വിമർശനമുനയിൽ നിർത്തുകയും ചെയ്തു.
ഒക്കെയായിട്ടും വെള്ളാപ്പള്ളിയെ ചേർത്തുനിർത്തുന്ന പിണറായി വിജയൻ അതിന് വലിയ വില കൊടുക്കേണ്ടി വരുമോ എന്ന് തെരഞ്ഞെടുപ്പിലറിയാം. നാക്കെടുത്താൽ നാലുവട്ടം തങ്ങളെ കടന്നാക്രമിക്കുന്ന വെള്ളാപ്പള്ളിയെ നിലയ്ക്ക് നിർത്താതെ നെഞ്ചോട് ചേർത്തുപിടിക്കുന്ന പിണറായിയേയും മുസ്ലീം- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ സംശയദൃഷ്ടിയോടെ നോക്കിക്കണ്ടാൽ അവരെ കുറ്റം പറയാനാവില്ലല്ലോ. അതുതന്നെയാണ് മൂന്നാമൂഴത്തിന് പിണറായിക്ക് തുണയാകും എന്നുകരുതുന്ന എൻ.എസ്.എസിന്റെ നിലപാടും. ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ ദേവസ്വം ബോർഡിനെയും ജീവനക്കാരെയും പരോക്ഷമായി പ്രതിക്കൂട്ടിൽ നിർത്തുന്ന വെള്ളാപ്പള്ളിയുടെ ലക്ഷ്യം, നായരുൾപ്പെടെയുള്ള മുന്നോക്ക വിഭാഗങ്ങളാണെന്ന് തന്നെയാണ് എൻ.എസ്.എസ് നേതൃത്വം കരുതുന്നത്. അതേസമയം മന്ത്രി വാസവനെ ന്യായീകരിക്കുവാൻ വെള്ളാപ്പള്ളി മടിക്കുന്നുമില്ല. അതുമാത്രവുമല്ല, മുഖ്യമന്ത്രി തന്റെ ഔദ്യോഗിക കാറിൽ വെള്ളാപ്പള്ളിയെ കയറ്റിക്കൊണ്ടുപോയതിൽ തനിക്കുള്ള അസ്വസ്ഥത സുകുമാരൻ നായർ പലരോടും പ്രകടിപ്പിച്ചതായാണറിയുന്നത്. ആ നിലയിൽ സമദൂരത്തിൽ യു.ഡി.എഫിനനുകൂലമായ ഒരു ശരിദൂരം സ്വീകരിക്കുവാൻ സുകുമാരൻ നായർ തീരുമാനിച്ചുകൂടെന്നില്ല. സമുദായത്തിൽ തനിക്കെതിരെ ഉയരുന്ന വിമത സ്വരങ്ങളെ ഒതുക്കുവാൻ സുകുമാരൻ നായർക്ക് അതാവശ്യവുമാണ്.
അതിന്റെയൊക്കെ കൂടെ ശബരിമല സ്വർണ്ണപ്പാളി വിഷയം കൂടി കത്തിക്കയറുമ്പോൾ 2026 യു.ഡി.എഫിന് അനുകൂലമായി മാറിയാൽ അത്ഭുതപ്പെടേണ്ടതില്ല. അവിടെയാണ് വെള്ളാപ്പള്ളി നടേശൻ യു.ഡി.എഫിന്റെ ഐശ്വര്യമായി മാറുന്നത്.











