01:00pm 13 November 2026
NEWS
സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകില്ല തദ്ദേശ തെരഞ്ഞെടുപ്പെന്ന് വെള്ളാപ്പള്ളി
17/11/2025  09:54 AM IST
nila
സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകില്ല തദ്ദേശ തെരഞ്ഞെടുപ്പെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിന്നാക്കക്കാർക്ക് പരിഗണനയും പരിരക്ഷയും ലഭിച്ചെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതുവരെ നാമനിർദ്ദേശപത്രിക നൽകിയതിൽ കൂടുതലും പിന്നാക്കകാരാണെന്നും അതിൽ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. വോട്ട് ചെയ്യാൻ പിന്നാക്കക്കാരും ഭരിക്കാൻ മറ്റുള്ളവരും എന്ന അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. 

സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകില്ല തദ്ദേശ തെരഞ്ഞെടുപ്പ് എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. സ്വർണ്ണപ്പാളി വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണപ്പാളിയുടെ പേരിൽ സർക്കാറിന്റെ ഇമേജ് നശിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. ജനങ്ങൾ അരി ആഹാരം കഴിച്ച് ജീവിക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എൻഡിഎ-ബിഡിജെഎസ് തർക്കത്തിൽ പ്രതികരിച്ച വെള്ളാപ്പള്ളി രാഷ്ട്രീയമല്ലേ പരസ്പരം മത്സരങ്ങൾ ഉണ്ടാകുമെന്നും വ്യക്തമാക്കി. സിപിഎമ്മും സിപിഐയും തമ്മിൽ മത്സരങ്ങളില്ലേയെന്നും അദ്ദേഹം ചോദിച്ചു. സീറ്റ് കിട്ടാത്തതിന്റെ പേരിൽ ജീവനൊടുക്കുന്നത് വളരെ മോശമാണെന്ന് ആനന്ദ് തിരുമലയുടെ ആത്മഹത്യയിൽ പ്രതികരിച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

അരൂരിലെ ഗർഡർ അപകടത്തിൽ ശ്രദ്ധക്കുറവുണ്ടായി. ആരുടെയോ പിൻബലം ഉള്ളത് കൊണ്ട് കരാറുകാരന് ധാർഷ്ഠ്യ സമീപനമാണ്. ടാക്‌സ് അടച്ച് ഓടുന്ന വാഹനങ്ങൾക്ക് സുഖമായി യാത്ര ചെയ്യാൻ പറ്റുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img