
ആലപ്പുഴ: യുഡിഎഫിന്റെ തിളക്കമേറിയ വിജയത്തിന് പിന്നിൽ മുന്നണിയുടെ ഐക്യത്തോടെയുള്ള പ്രവർത്തനമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഖ്യശില്പി കെ സി വേണുഗോപാൽ ആണെന്നും, രമേശ് ചെന്നിത്തല “ഭാഗ്യദോഷിയാണെന്ന് പറയാം” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വി ഡി സതീശൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തണമെന്നത് തന്റെ വ്യക്തിപരമായ ആഗ്രഹം മാത്രമായിരുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. യുഡിഎഫിന്റെ വിജയത്തിൽ കെ.സി. വേണുഗോപാലിന്റെ പങ്ക് നിർണായകമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പത്തും ബുദ്ധിയും നൽകിയത് കെ.സിയാണെന്നും വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശൻ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഎസ്എസിന്റെ പ്രസ്താവന അനവസരത്തിലാണ്. എല്ലാം കഴിഞ്ഞിട്ടാണോ ഇത് പറയുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. പുതിയ സർക്കാരിൽ ലീഗിന് പ്രാതിനിധ്യം കൂടുതൽ ഉണ്ടാകും. സമ്മർദ ഗ്രൂപ്പായി ലീഗ് കാര്യങ്ങൾ നേടി എടുക്കുമന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.










