
പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും (എംഎസ്ഐഎൽ) ഉപഭോക്തൃ സൗകര്യം വർദ്ധിപ്പിക്കുന്നതിനായുള്ള പുതിയ ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. കരാർ പ്രകാരം രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഇന്ത്യൻ ഓയിൽ ഇന്ധന സ്റ്റേഷനുകളിൽ മാരുതി സുസുക്കി സർവീസ് സൗകര്യങ്ങൾ സ്ഥാപിക്കും.
വിവിധ മാരുതി സുസുക്കി സർവീസ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ഇന്ത്യൻ ഓയിലിന്റെ വിശാലമായ രാജ്യവ്യാപക ശൃംഖലയെ ഉപയോഗിക്കാൻ കരാർ ലക്ഷ്യമിടുന്നു. ഈ സഹകരണം ഉപഭോക്താക്കൾക്ക് തങ്ങളുടെ മാരുതി സുസുക്കി വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന ഇടങ്ങളിൽ നിന്ന് തന്നെ ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികളും നിർവഹിക്കാൻ കഴിയും. പുതിയ കരാർ പ്രകാരം വിപുലമായ റീട്ടെയിൽ സാന്നിധ്യമുള്ള ഇന്ത്യൻ ഓയിൽ, മാരുതി സുസുക്കിയുടെ 5,780-ലധികം സർവീസ് ടച്ച്‌പോയിന്റുകൾ കൂടുതൽ ശക്തിപ്പെടുത്തും.
മൂല്യവർധിത സേവനങ്ങളിലൂടെ ഇന്ധന സ്റ്റേഷനിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യൻ ഓയിൽ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യൻ ഓയിൽ ഡയറക്ടർ (മാർക്കറ്റിംഗ്) സൗമിത്ര പി ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയിലുടനീളം 41,000-ത്തിലധികം ഇന്ധന സ്റ്റേഷനുകളുടെ ശൃംഖലയുള്ളതിനാൽ, അവശ്യ സേവനങ്ങൾ ഉപഭോക്താക്കളിലെത്തിക്കാൻ ഐഒസിക്ക് കഴിയുന്നതായും മാരുതി സുസുക്കിയുമായി പങ്കാളിത്തത്തിലേർപ്പെടുന്നതിലൂടെ, ലോകോത്തര ഓട്ടോമോട്ടീവ് അറ്റകുറ്റപ്പണികളും ഐഒസിയുടെ ഊർജ്ജ ഓഫറുകളും സംയോജിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാർ സർവീസിംഗ് പരമാവധി എളുപ്പവും സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത സംരംഭങ്ങളിലൊന്നായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി പങ്കാളിത്തത്തിലേർപ്പെടുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഓഫീസർ (സർവീസ്) ശ്രീ റാം സുരേഷ് അകെല്ല പറഞ്ഞു. മൊബിലിറ്റി- ഊർജ്ജ മേഖലകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും മികച്ച ഉപഭോക്തൃ പരിചരണ അനുഭവം നൽകുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ സഹകരണമെന്നും അദ്ദേഹം പറഞ്ഞു.







