
ആധാർ അധിഷ്ഠിതമാക്കിയ വാഹന ഉടമസ്ഥാവകാശ കൈമാറ്റ സംവിധാനം സംസ്ഥാനത്ത് വാഹന ഉടമകൾക്കും ഇടപാടുകാർക്കും വലിയ പ്രതിസന്ധിയാകുന്നു. ആധാർ കാർഡിലെയും ആർ.സി. ബുക്കിലെയും പേരിൽ ഒരു അക്ഷരത്തിന്റെ വ്യത്യാസംപോലും ഉണ്ടായാൽ ഓൺലൈൻ കൈമാറ്റ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ആർ.ടി. ഓഫീസുകളിലെ പ്രധാന സേവനങ്ങളിലൊന്നാണ് വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം. നിലവിൽ ഓൺലൈൻ സംവിധാനത്തിലൂടെയാണ് നടപടികൾ പൂർത്തിയാക്കുന്നത്. വാഹന ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ചാണ് കൈമാറ്റം സ്ഥിരീകരിക്കുന്നത്. ഇതിന് ആധാർ രേഖയിലെയും ആർ.സി. ബുക്കിലെയും പേര് കൃത്യമായി പൊരുത്തപ്പെടണം.
എന്നാൽ പേരിൽ ചെറിയ വ്യത്യാസമുണ്ടായാൽ പോലും സിസ്റ്റത്തിൽ ‘മിസ് മാച്ച്’ എന്ന സന്ദേശമാണ് ലഭിക്കുന്നത്. ഇതോടെ തുടർനടപടികളിലേക്ക് കടക്കാൻ കഴിയില്ല. പേരിലെ നിസ്സാരമായ വ്യത്യാസം കാരണം ഒരു മാസത്തോളമായി വാഹന ഉടമസ്ഥാവകാശ കൈമാറ്റം മുടങ്ങിയ സംഭവങ്ങളുണ്ടെന്നാണ് വാഹന ഇടപാടുകാർ പറയുന്നത്.
ടാക്സി വാഹന ഉടമകളെയാണ് പ്രശ്നം കൂടുതൽ ബാധിക്കുന്നത്. ഒരു ടാക്സി വാഹനം വിൽക്കുമ്പോൾ നിലവിലെ ഉടമ ആദ്യം പെർമിറ്റ് റദ്ദാക്കണം. തുടർന്ന് വാഹനം പുതിയ ഉടമയുടെ പേരിലേക്ക് മാറ്റിയശേഷമാണ് പുതിയ പെർമിറ്റിനായി അപേക്ഷിക്കേണ്ടത്.
എന്നാൽ പഴയ ഉടമ പെർമിറ്റ് റദ്ദാക്കിയ ശേഷം ആധാറിലെയും ആർ.സി. ബുക്കിലെയും പേരിൽ പൊരുത്തക്കേട് കണ്ടെത്തിയാൽ ഉടമസ്ഥാവകാശ കൈമാറ്റം തടസ്സപ്പെടും. ഇതോടെ പഴയ ഉടമയ്ക്ക് പെർമിറ്റ് നഷ്ടപ്പെടുകയും പുതിയ ഉടമയ്ക്ക് പെർമിറ്റ് സ്വന്തമാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യും.
വാഹന കൈമാറ്റത്തിലെ തട്ടിപ്പുകളും ദുരുപയോഗവും തടയുന്നതിനും നടപടികൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനുമാണ് ആധാർ അധിഷ്ഠിത സംവിധാനം നിർബന്ധമാക്കിയത്. എന്നാൽ, സാങ്കേതിക സംവിധാനത്തിലെ പേരിന്റെ പൊരുത്തം സംബന്ധിച്ച നിബന്ധന പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണെന്നാണ് വാഹന ഉടമകളുടെ പരാതി.
പേരിലെ ചെറിയ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി പ്രായോഗികമായ ബദൽ സംവിധാനം ഒരുക്കണമെന്നും അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും വാഹന ഉടമകളും ഇടപാടുകാരും ആവശ്യപ്പെടുന്നു.










