
തിരുവനന്തപുരം: കേന്ദ്ര മോട്ടർ വാഹന നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വാഹന ചലാൻ സംവിധാനം കൂടുതൽ കർശനമാക്കി. ഒരു ഡ്രൈവർക്കു ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു. ചലാൻ ലഭിച്ച തീയതിയിൽ നിന്ന് 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം. ഈ കാലാവധി കഴിഞ്ഞും പിഴ അടയ്ക്കാതെ കുടിശ്ശിക തുടരുന്ന വാഹനങ്ങൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തും. നികുതി അടയ്ക്കുന്നതൊഴികെ മറ്റേതെങ്കിലും സേവനങ്ങളും പരിവാഹൻ വെബ്‌സൈറ്റിലൂടെ ലഭ്യമാകില്ല.
വിലാസമാറ്റം, വാഹന ഉടമസ്ഥാവകാശ കൈമാറ്റം, വാഹന ക്ലാസ് മാറ്റം, പെർമിറ്റ് പുതുക്കൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ തുടങ്ങിയ സാധാരണ സേവനങ്ങൾ എല്ലാം ചലാൻ കുടിശ്ശിക തീർക്കുന്നതുവരെ തടയും.
കുടിശ്ശിക നിലനിൽക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്ക് വാഹനം കസ്റ്റഡിയിൽ എടുക്കാനുള്ള അധികാരവും ഉണ്ടായിരിക്കും. നിയമലംഘനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും വാഹനത്തിന്റെ ആർ.സി ഉടമയ്ക്കെതിരെയായിരിക്കും. നിയമലംഘനം മറ്റാരെങ്കിലും വാഹനം ഓടിച്ചപ്പോൾ നടന്നതാണെങ്കിൽ അത് തെളിയിക്കേണ്ട ഉത്തരവാദിത്തം വാഹന ഉടമയ്ക്കാണ്.
ചലാനുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ ഉടമ നേരിട്ട് കോടതിയെ സമീപിക്കണം. ഇതുവരെ വകുപ്പായിരുന്നു കോടതിയെ സമീപിച്ചിരുന്നത്. ഇനി മുതൽ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യത മുഴുവൻ വാഹന ഉടമയ്ക്കായിരിക്കും.











