
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയന് ഇഡി വീണ്ടും സമൻസ് നൽകി. ഈ മാസം 29ന് ഹാജരാകാനാണ് നിർദേശം.
കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതിൽ ഇപ്പോഴും കാലതാമസം നേരിടുന്ന സാഹചര്യമാണ്. അന്വേഷണം നടത്തുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിൽ (എസ്എഫ്ഐഒ) നിന്ന് ലഭിക്കേണ്ട 134 രേഖകൾ ഇതുവരെ ഇഡിക്ക് കൈമാറിയിട്ടില്ല. കോടതി അനുവദിച്ച 10 ദിവസത്തെ സമയപരിധിയും കഴിഞ്ഞതിനാൽ, രേഖകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി ഇഡിയും എസ്എഫ്ഐഒയും തമ്മിൽ വീണ്ടും ചർച്ച നടത്തും.
അതേസമയം, കേസിൽ താൽക്കാലിക സ്വത്ത് കണ്ടുകെട്ടലിന് ആവശ്യമായ തെളിവുകൾ ശേഖരിക്കുന്ന നടപടികളുമായാണ് ഇഡി ഇപ്പോൾ മുന്നോട്ട് പോകുന്നത്. അന്വേഷണത്തിന്റെ ഭാഗമായി 242 ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 18 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്. ഇതിൽ വീണ വിജയന്റെ രണ്ട് അക്കൗണ്ടുകളും എക്സാലോജിക്കിന്റെ ഒരു അക്കൗണ്ടും ഉൾപ്പെടുന്നു.
ഇതിനിടെ, തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്കിലെ വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിച്ചെങ്കിലും സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിക്കുന്ന രേഖകളൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന. കേസിൽ നിർണായകമായ രേഖകളോ വിവരങ്ങളോ അന്വേഷണ ഏജൻസിയിൽ നിന്ന് മറച്ചുവെച്ചിട്ടുണ്ടോയെന്ന സംശയത്തെ തുടർന്നായിരുന്നു ലോക്കർ പരിശോധന നടത്തിയത്.










