
പത്തനംതിട്ട: കെഎസ്യു പ്രവർത്തകർ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി മന്ത്രിയുടെ നിർദേശപ്രകാരമാണ് നൽകിയതെന്ന് ഗൺമാൻ അഭിലാഷ്. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് അഭിലാഷ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് വിവരം. കെഎസ്യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും അഭിലാഷ് മൊഴി നൽകിയിട്ടുണ്ട്.
ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയത്. ഫെബ്രുവരി 25ന് നടന്ന പ്രതിഷേധത്തിനിടെ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു എഫ്ഐആറിലെ ആരോപണം. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് ആയുധമൊന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
ഗൺമാന്റെ പരാതിയെത്തുടർന്നാണ് കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. കേസിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, സി.എച്ച്. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവർ രണ്ടാഴ്ച റിമാൻഡിൽ കഴിഞ്ഞിരുന്നു.
അതേസമയം, പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുമാണ് കഴുത്തിന് പരുക്കേറ്റതെന്ന് വീണാ ജോർജ് പിന്നീട് മൊഴി നൽകിയിരുന്നു. സംഭവസമയത്ത് മന്ത്രിക്ക് സുരക്ഷയൊരുക്കാൻ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരും ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്നാണ് മൊഴി നൽകിയത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ എസ്ഐ അനൂപ്, ഗ്രേഡ് എസ്ഐ പ്രകാശ്, സിപിഒ അഖിൽ എന്നിവരാണ് ഇത്തരത്തിൽ മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്.
ഗൺമാന്റെ പുതിയ മൊഴി കേസിലെ ആരോപണങ്ങളിലും വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതിന്റെ അടിസ്ഥാനത്തിലും നിർണായകമായേക്കും.










