
കോട്ടയം സ്വദേശിനിയായ വനിതാ ഡോക്ടറുടെ ബലാത്സംഗ പരാതിയിൽ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ഇന്നു നടന്ന വാദത്തിനൊടുവിലാണ് വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല നിർദേശം നൽകിയത്. മുൻകൂർ ജാമ്യഹർജിയിൽ നാളെയുംവാദം തുടരുമെന്നും മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, വേടനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഹൈക്കോടതിയിലും ആവർത്തിച്ചത്. വിവാഹവാഗ്ദാനം നൽകിയാണ് വേടൻ പീഡിപ്പിച്ചത്. എന്നാൽ, പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എല്ലാം ഉപേക്ഷിച്ചുപോയി. ഇതോടെ മാനസികനില തകരാറിലായി. കാലങ്ങളോളം ചികിത്സതേടേണ്ടിവന്നു. ഏറെ കാലമെടുത്താണ് സാധാരണജീവിതത്തിലേക്ക് തനിക്ക് മടങ്ങിവരാനായതെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. വേടനെതിരേ രണ്ട് ലൈംഗികാതിക്രമ പരാതികൾ കൂടി ഉയർന്നിട്ടുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.
ചൊവ്വാഴ്ചത്തെ വാദത്തിനിടെ കോടതി സുപ്രധാനമായ ചില ചോദ്യങ്ങളും ഉന്നയിച്ചു. പ്രണയകാലത്തെ ലൈംഗികബന്ധം പിന്നീട് ബലാത്സംഗക്കുറ്റമായി ആരോപിക്കാൻ കഴിയുമോ എന്നായിരുന്നു വാദത്തിനിടെ ഹൈക്കോടതിയുടെ ചോദ്യം. കഴിഞ്ഞദിവസത്തെ വാദത്തിലടക്കം യുവഡോക്ടറുമായുള്ള ബന്ധം വേടൻ നിഷേധിച്ചിരുന്നില്ല. എന്നാൽ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു വേടന്റെ വാദം. ജാമ്യഹർജിയിൽ പ്രോസിക്യൂഷന്റെ വാദം ഇതുവരെ നടന്നിട്ടില്ല.











