ബലാത്സംഗക്കേസിൽ തിങ്കളാഴ്ച്ചവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടനെ തിങ്കളാഴ്ച്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് ബെച്ചുകുര്യൻ ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, കൂടുതൽ രേഖകൾ കോടതിയിൽ ഹാജരാക്കാൻ സമയം വേണമെന്ന് പരാതിക്കാരിയുടെ അഭിഭാഷക കോടതിയിൽ ആവശ്യപ്പെട്ടു. സർക്കാരും പരാതിക്കാരിയും വേടന്റെ ജാമ്യഹർജിയെ എതിർത്തിരുന്നു.
വേടന്റെ മുൻകൂർ ജാമ്യഹർജിയിൽ വാദം നടക്കവെ ഒരു ഘട്ടത്തിൽ പരാതിക്കാരിയുടെ അഭിഭാഷകയുമായി കോടതിക്ക് തർക്കിക്കേണ്ടിയും വന്നു. നിയമപരമായ വാദങ്ങൾ മാത്രം ഉന്നയിക്കണമെന്ന് പരാതിക്കാരിയുടെ അഭിഭാഷകയെ ഹൈക്കോടതി താക്കീത് ചെയ്തു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഫെയ്സ്ബുക്ക് പോസ്റ്റുകൾ എന്നിവ കോടതിയിൽ ഉന്നയിച്ച പശ്ചാത്തലത്തിലാണിത്.
വേടന്റെ ജാമ്യഹർജിയെ സർക്കാരും കോടതിയിൽ എതിർത്തു. വേടൻ ഒളിവിലിരുന്ന് കേക്ക് മുറിച്ച് ആഘോഷിച്ച് അതിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതടക്കമുള്ള കാര്യങ്ങൾ കോടതിക്ക് മുൻപാകെ സർക്കാർ ചൂണ്ടിക്കാട്ടി.
പരാതിക്കാരിക്ക് മാനസിക സമ്മർദ്ദമുണ്ടായത് വേടൻ ഉപേക്ഷിച്ചുപോയതിനാൽ അല്ലെന്നും 2021-ൽ തന്നെ പരാതികാരിക്ക് മാനസിക പിരിമുറുക്കമുണ്ടെന്നും അതിന് ചികിത്സ തേടിയിട്ടുണ്ടെന്നും വേടന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതിന് തെളിവായി വാട്സാപ്പ് ചാറ്റുകൾ കോടതിയിൽ വേടന്റെ അഭിഭാഷകൻ ഹാജരാക്കി. വേടന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാനായി മാറ്റി. വിവാഹവാഗ്ദാനംനൽകി പീഡിപ്പിക്കുകയും പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ വേടൻ എല്ലാം ഉപേക്ഷിച്ചുപോവുകയുമായിരുന്നെന്നും ഇതോടെ മാനസിക നില തകരാറിലായെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.











