12:46pm 12 November 2026
NEWS
വേടന്റെ പരിപാടിയിൽ തിക്കുംതിരക്കും; ഒരാൾ ട്രെയിൻതട്ടി മരിച്ചു; നിരവധിപേർക്ക് പരിക്ക്
30/12/2025  04:34 AM IST
nila
വേടന്റെ പരിപാടിയിൽ തിക്കുംതിരക്കും; ഒരാൾ ട്രെയിൻതട്ടി മരിച്ചു; നിരവധിപേർക്ക് പരിക്ക്

കാസർകോട്: റാപ്പർ വേടന്റെ സംഗീതപരിപാടിക്കിടെ ഉണ്ടായ കടുത്ത തിരക്കിനെ തുടർന്ന് നിരവധി പേർക്ക് പരിക്ക്. സമീപത്തെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ബേക്കൽ ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന വേടന്റെ സം​ഗീത പരിപാടിയിലാണ് അനിയന്ത്രിതമായ തിക്കുംതിരക്കുമുണ്ടായത്. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ പരിപാടി നിർത്തിവെക്കുകയും ചെയ്തു. 

പൊയ്നാച്ചി പറമ്പ സ്വദേശി വേണുഗോപാലന്റെ മകൻ ശിവാനന്ദ് (20) ആണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന തിരുനെൽവേലി–ജാംനഗർ എക്സ്പ്രസാണ് ശിവാനന്ദനെ ഇടിച്ചെന്നാണ് പ്രാഥമിക വിവരം. രാത്രി പത്ത് മണിയോടെ ഇതുവഴി കടന്നുപോയ ട്രെയിനിന്റെ ലോക്കോപൈലറ്റാണ് ട്രാക്കിൽ മൃതദേഹം കണ്ടത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജനക്കൂട്ടം പരിപാടിക്കെത്തിയതോടെയാണ് സ്ഥിതി നിയന്ത്രണാതീതമായത്. വിവിധ ഗേറ്റുകളിലൂടെ ആളുകളെ പ്രവേശിപ്പിക്കാൻ ശ്രമിച്ചെങ്കിലും തിരക്ക് കൂടിയതോടെ ക്രമീകരണങ്ങൾ തകരുകയായിരുന്നു. വേടന്റെ വരവ് വൈകിയതിനാൽ നിശ്ചയിച്ച സമയത്തേക്കാൾ ഏകദേശം ഒന്നര മണിക്കൂർ പിന്നിട്ടാണ് പരിപാടി ആരംഭിച്ചത്.

ബേക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബീച്ച് പാർക്കിലേക്കുള്ള അനധികൃത വഴികൾ റെയിൽവേ അധികൃതർ അടച്ചിരുന്നെങ്കിലും, അവ മറികടന്ന് പാർക്കിലെത്താൻ ചിലർ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നു കരുതുന്നു. തിരക്കിൽ പെട്ട് കുഴഞ്ഞുവീണും വീഴ്ചകളിലൂടെയും പരുക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img