03:02pm 10 November 2026
NEWS
കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്നും വേടന്റേയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകൾ ഒഴിവാക്കാൻ ശുപാർശ
16/07/2025  09:56 AM IST
nila
കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്നും വേടന്റേയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകൾ ഒഴിവാക്കാൻ ശുപാർശ

കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്നും വേടന്റേയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകൾ ഒഴിവാക്കാൻ ശുപാർശ. സർവകലാശാല മലയാളം വിഭാഗം മുൻ മേധാവി ഡോ. എം.എം. ബഷീർ വൈസ് ചാൻസലർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്നും റാപ്പിന്റെ സാഹിത്യത്തിന് ആശയപരമായ ഇഴയടുപ്പമില്ലെന്നും എം.എം. ബഷീറിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

ബിഎ മൂന്നാം സെമസ്റ്റർ മലയാളം സിലബസിലാണ് വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം' എന്ന പാട്ടും ഗൗരി ലക്ഷ്മിയുടെ 'അജിതാ ഹരേ' എന്ന പാട്ടും ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, പരാതി ഉയർന്നതിനെ തുടർന്ന് നടത്തിയ വിദ​ഗ്ധ പഠനത്തെ തുടർന്നാണ് രണ്ടും ഒഴിവാക്കണമെന്ന ശുപാർശ ചെയ്തിരിക്കുന്നത്. 

മൈക്കിൾ ജാക്‌സന്റെ 'ദേ ഡോണ്ട് കെയർ എബൗട്ട് അസ്' എന്ന പാട്ടുമായി താരതമ്യപഠനത്തിനായാണ് വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം' സിലബസിൽ ഉൾപ്പെടുത്തിയത്.ഗൗരി ലക്ഷ്മിയുടെ 'അജിതാ ഹരേ' എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിർദേശിച്ചിരിക്കുന്നത്. ബിഎ മലയാളം പഠിക്കാൻ എത്തുന്ന വിദ്യാർഥികൾക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളിൽ പോലും ധാരണയുണ്ടാവില്ലെന്നും ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇവ ഒഴിവാക്കി മറ്റാരുടെയെങ്കിലും പാട്ടുകൾ ഉൾക്കൊള്ളിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.

വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം' എന്ന പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിനെതിരേ സിൻഡിക്കറ്റിലെ ബിജെപി അംഗം എ.കെ. അനുരാജ് ചാൻസലർ കൂടിയായ ഗവർണർ വിശ്വനാഥ് അർലേക്കറിന് പരാതി നൽകിയിരുന്നു.പിന്നാലെ ചാൻസലറുടെ നിർദേശപ്രകാരം വിസി ഡോ. പി. രവീന്ദ്രൻ അന്വേഷണം പ്രഖ്യാപിച്ചു. എം.എം. ബഷീറിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img