സതീശന്റെ ഉള്ളിൽ ഒരു ചിന്ത മാത്രം...

പ്രതിപക്ഷ നേതാവിനെ ഒരുപക്ഷേ ഉടനേ മാറ്റില്ലായിരിക്കും. പക്ഷേ, 2026 ൽ നിലവിലെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആകില്ല എന്ന കൃത്യമായ സൂചന നൽകാനാണ്...
തിരുവനന്തപുരം : ഒന്നാം പിണറായി വിജയൻ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. 12ഓളം അഴിമതി കേസുകൾ അദ്ദേഹം പുറത്തുകൊണ്ടുവന്നു. ഒട്ടുമിക്ക ആരോപണങ്ങളിലും കഴമ്പുണ്ടായിരുന്നതിനാൽ പിണറായി സര്‍ക്കാരിന് പലപ്പോഴും പിന്നോട്ടുപോകേണ്ടി വന്നു. പഴയ ബ്രൂവറി കേസ് ഉൾപ്പെടെയുള്ളവ ഉദാഹരണം. പക്ഷേ, ദൗര്‍ഭാഗ്യവശാൽ ശബരിമല പ്രക്ഷോഭം മുതൽ കൊവിഡ് വരെ നീളുന്ന പ്രതിസന്ധികളിൽ അഴിമതി ആരോപണങ്ങളെല്ലാം ജനശ്രദ്ധ ആകര്‍ഷിക്കാതെ പോയി. എന്നിട്ടും പിടിച്ചുനിന്ന ചെന്നിത്തലയ്ക്ക് പ്രതിസന്ധി ആയത് സ്വന്തം പാര്‍ട്ടിയിലെ ഉൾപ്പോരും പിന്നിൽ നിന്നുള്ള കുത്തുമായിരുന്നു. 2021ൽ ഭരണം ലഭിക്കാതെ വന്നതോടെ പ്രതിപക്ഷ നേതാവ് മാറണമെന്ന ആവശ്യം ശക്തമായി. ഒടുവിൽ ഹൈക്കമാന്റ് വിമതൻമാര്ക്ക് ചെവി കൊടുത്തപ്പോൾ ചെന്നിത്തല ഔട്ട്.
അന്ന് ചെന്നിത്തലയ്ക്ക് പകരക്കാരനായി എത്തിയ വി.ഡി. സതീശൻ സമാനമായ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. അഴിമതികളൊന്നും പുറത്തുകൊണ്ടുവന്നില്ലെങ്കിലും നിയമസഭയ്ക്കുള്ളിൽ പിണറായി വിജയനേയും കൂട്ടരേയും നിര്‍ത്തിപ്പൊരിക്കുന്ന തീപ്പൊരി നേതാവാണ് അദ്ദേഹം. രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുന്നതിലും ആക്രമിക്കുന്നതിലും അദ്ദേഹം മികവ് കാട്ടി. പക്ഷേ, എന്തുകൊണ്ടോ സഭയ്ക്ക് പുറത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങൾ അത്രകണ്ട് ശ്രദ്ധിക്കപ്പെട്ടില്ല. മാത്രമല്ല, ജനങ്ങളുടെ മനസ്സിലേക്ക് ഒരു ബ്രാന്റ് ആയി പടരാനും അദ്ദേഹത്തിനാകുന്നില്ല. അതുകൊണ്ട് തന്നെ പ്രതിപക്ഷനേതാവ് മാറണം എന്ന ആവശ്യം മുന്നണിയിൽ വീണ്ടും ശക്താവുകയാണ്. ഡെൽഹിയിലെ ചില കോക്കസുകളാണ് ഇതിന് പിന്നിൽ പ്രവര്‍ത്തിക്കുന്നതെങ്കിലും രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പലര്‍ക്കും ഇതിന് പിന്നിൽ താത്പര്യങ്ങളുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.
പ്രതിപക്ഷ നേതാവിനെ ഒരുപക്ഷേ ഉടനേ മാറ്റില്ലായിരിക്കും. പക്ഷേ, 2026 ൽ നിലവിലെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആകില്ല എന്ന കൃത്യമായ സൂചന നൽകാനാണ് ചില തത്പരകക്ഷികൾ ഇപ്പോഴേ ശ്രമിക്കുന്നത്. അതിനോടൊപ്പം കെ.പി.സി.സി. അദ്ധ്യക്ഷന്റെ കസേരയിലും മാറ്റങ്ങൾ ഉണ്ടായേക്കാം. അതൊരുപക്ഷേ, തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ സംഭവിച്ചേക്കാമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഏതായാലും പണ്ടു കളിച്ച കളികളെല്ലാം ആവര്‍ത്തിക്കുന്നത് കാണുമ്പോൾ വി.ഡി. സതീശന്റെ മനസ്സിൽ ഉയരുന്ന ചിന്ത ഇത്രമാത്രം – ഈശ്വരാ... ചരിത്രം ആവര്‍ത്തിക്കുകയാണല്ലോ ?
Photo Courtesy - Google











