
മുംബൈ: ഹിന്ദുത്വ സൈദ്ധാന്തികൻ വിനായക് ദാമോദർ സവർക്കർക്കെതിരെ ലണ്ടനിലെ പ്രസംഗത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഫയൽ ചെയ്ത അപകീർത്തി കേസിൽ കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി കുറ്റക്കാരനല്ലെന്ന് കോടതിയിൽ ബോധിപ്പിച്ചു. നേരിട്ട് ഹാജരാകാത്തതിനെ തുടർന്ന് അഭിഭാഷകൻ മിലിന്ദ് പവാറാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രത്യേക കോടതി ജഡ്ജി അമോൽ ഷിൻഡെക്ക് മുമ്പാകെ നിലപാട് അറിയിച്ചത്.
രാഹുൽ ഗാന്ധിയുടെ അപേക്ഷ പരിഗണിച്ചാണ് അഭിഭാഷകൻ വഴി മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയത്. പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങളും ലഭ്യമായ രേഖകളും കോടതി പരിശോധിച്ചു. തുടർന്ന്, ഇന്ത്യൻ ശിക്ഷാനിയമം 500-ാം വകുപ്പ് (ക്രിമിനൽ അപകീർത്തി) പ്രകാരം രാഹുൽ ഗാന്ധി വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി.
താങ്കൾ കുറ്റക്കാരനാണോ എന്ന് ജഡ്ജി ചോദിച്ചപ്പോൾ, രാഹുലിനുവേണ്ടി ഹാജരായ അഭിഭാഷകൻ 'അല്ല, ഞാൻ കുറ്റക്കാരനല്ല' എന്ന് മറുപടി നൽകി. കേസിന്റെ വിചാരണ അടുത്ത മാസങ്ങളിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.











