
തിരുവനന്തപുരം: നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിൽ വി.ഡി സതീശൻ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായി. സത്യപ്രതിജ്ഞയ്ക്ക് മൂന്നാം ദിവസമാണ് അന്തിമ പട്ടിക ഗവർണർക്ക് കൈമാറിയത്. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെ ലഭിച്ചു. വി.ഇ. അബ്ദുൽ ഗഫൂറാണ് പുതിയ ഫിഷറീസ് മന്ത്രി. മുസ്ലിം ലീഗ് കോൺഗ്രസിന് വിട്ടുനൽകിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് റോജി എം. ജോണിന് നൽകി. എം. ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പിന്റെ ചുമതലയും ലഭിച്ചു. എ.പി. അനിൽകുമാറിന് റവന്യൂ വകുപ്പും സണ്ണി ജോസഫിന് വൈദ്യുതി വകുപ്പും നൽകി.
മുഖ്യമന്ത്രി വി.ഡി. സതീശൻ 39 വകുപ്പുകളുടെ ചുമതലയാണ് ഏറ്റെടുത്തിരിക്കുന്നത്. പതിവ് വകുപ്പുകൾക്ക് പുറമെ ധനം, നിയമം, തുറമുഖം, പി.ആർ.ഡി. തുടങ്ങിയ പ്രധാന വകുപ്പുകളും മുഖ്യമന്ത്രിക്കാണ്. രമേശ് ചെന്നിത്തലക്ക് നേരത്തെ പ്രഖ്യാപിച്ചതുപോലെ ആഭ്യന്തരവും വിജിലൻസും നൽകി.
ആദ്യഘട്ട ചർച്ചകളിൽ നിശ്ചയിച്ച വകുപ്പുകളിൽ സണ്ണി ജോസഫിനും എ.പി. അനിൽകുമാറിനും പിന്നീട് മാറ്റം വരുത്തി. ഇതിനിടെ, വി.ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ. അനിൽകുമാറിനെ നിയമിച്ചു. പ്രതിപക്ഷ നേതാവായിരുന്ന സമയത്തും അദ്ദേഹം സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
മന്ത്രിമാരും വകുപ്പുകളും
വി ഡി സതീശൻ (മുഖ്യമന്ത്രി) - ധനം, പൊതുഭരണം, നിയമം, തുറമുഖം
രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലൻസ്, കയർ
കെ മുരളീധരൻ - ആരോഗ്യം, ദേവസ്വം
സണ്ണി ജോസഫ് - വൈദ്യുതി, പരിസ്ഥിതി, പാർലമെൻററി കാര്യം
എ പി അനിൽ കുമാർ - റവന്യൂ
ബിന്ദു കൃഷ്ണ - വനിത-ശിശു ക്ഷേമം, തൊഴിൽ, ക്ഷീര വികസനം
എം ലിജു - എക്സൈസ്, സഹകരണം
പി സി വിഷ്ണുനാഥ് - ടൂറിസം, സാംസ്കാരികം, സിനിമ, കെ.എസ്.എഫ്.ഡി.സി. ചലച്ചിത്ര അക്കാദമി സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധി ബോർഡ്
റോജി എം ജോൺ - ഉന്നത വിദ്യാഭ്യാസം
ടി സിദ്ദിഖ് - കൃഷി
കെ എ തുളസി - പട്ടിക വിഭാഗം, പിന്നോക്ക ക്ഷേമം
ഒ ജെ ജനീഷ് - യുവജന ക്ഷേമം, സ്പോർട്സ്, രജിസ്ട്രേഷൻ, മൃഗശാല, മ്യൂസിയം,
ലീഗ് മന്ത്രിമാർ
പി കെ കുഞ്ഞാലിക്കുട്ടി - വ്യവസായം, ഐടി, എഐ, കൈത്തറി
കെ എം ഷാജി - തദ്ദേശ സ്വയം ഭരണം
വി ഇ അബ്ദുൾ ഗഫൂർ - ഫിഷറീസ്, സാമൂഹ്യനീതി
പി കെ ബഷീർ - പൊതുമരാമത്ത്
എൻ ഷംസുദ്ദീൻ - വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്
മറ്റ് ഘടക കക്ഷികൾ
ഷിബു ബേബി ജോൺ - വനം, നൈപുണ്യ വികസനം
മോൻസ് ജോസഫ് - ജലവിഭവം, ശുചിത്വ ഭവന നിർമ്മാണം
അനൂപ് ജേക്കബ് - ഭക്ഷ്യ-സിവിൽ സപ്ലൈസ്
സിപി ജോൺ - ഗതാഗതം










