
തിരുവനന്തപുരം: കോൺഗ്രസിൽ മന്ത്രിസ്ഥാനവും വകുപ്പുകളും സംബന്ധിച്ച അവകാശവാദവും തർക്കങ്ങളും രൂക്ഷമാകുന്നു. മുഖ്യമന്ത്രി പദവി ലഭിക്കാത്തതിനാൽ അസംതൃപ്തനാണെങ്കിലും ആഭ്യന്തര വകുപ്പ് നൽകിയാൽ മന്ത്രിസഭയിൽ ചേരാമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ആഭ്യന്തരം വിട്ടുനൽകാനാകില്ലെന്ന നിലപാട് വി ഡി സതീശനും എടുത്തതോടെയാണ് തർക്കം രൂക്ഷമായത്. എന്നാൽ, ആഭ്യന്തര വകുപ്പ് ചെന്നിത്തലയ്ക്ക് നൽകേണ്ടിവന്നാൽ ധനകാര്യ വകുപ്പ് തനിക്ക് വേണമെന്ന് സതീശൻ ആവശ്യപ്പെട്ടു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ആഭ്യന്തര വകുപ്പിൽ ചെന്നിത്തല ഉറച്ച നിലപാട് തുടരുന്നതിനാൽ തന്നെ സമവായ മാർഗമായി ധനകാര്യ വകുപ്പ് സതീശൻ ഏറ്റെടുക്കുന്ന രീതിയിലുള്ള ഫോർമുല പരിഗണിക്കപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ആഭ്യന്തര വകുപ്പ് വിട്ടുനൽകുന്നതിൽ സതീശന് പൂർണ താത്പര്യമില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പൊതുവേ മുഖ്യമന്ത്രിമാർ കൈവശം വയ്ക്കുന്ന പ്രധാന വകുപ്പായതിനാൽ അതിൽ വിട്ടുവീഴ്ച ചെയ്യുന്നത് രാഷ്ട്രീയപരമായി തിരിച്ചടിയാകുമെന്ന ആശങ്ക കോൺഗ്രസിനകത്തുണ്ട്. അതേസമയം, കൂടുതൽ വിവാദങ്ങളിലേക്കോ ഗ്രൂപ്പ് തർക്കങ്ങളിലേക്കോ നീങ്ങാതിരിക്കാൻ ധാരണയിലേക്ക് എത്താനുള്ള ശ്രമമാണ് നേതൃത്വതലത്തിൽ പുരോഗമിക്കുന്നത്.
ഇതിനിടെ, ആഭ്യന്തരത്തിന് പകരം ധനകാര്യ വകുപ്പ് ചെന്നിത്തലയ്ക്ക് നൽകാമെന്ന ആശയവും ഉയർന്നിട്ടുണ്ട്. എന്നാൽ മുൻപ് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല, ജൂനിയറായ സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ അതിനേക്കാൾ പ്രാധാന്യം കുറഞ്ഞ വകുപ്പ് സ്വീകരിക്കുമോയെന്ന ചോദ്യവും അദ്ദേഹത്തിന്റെ അനുകൂലികൾ ഉയർത്തുന്നു.
കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രിമാർ ആഭ്യന്തര വകുപ്പ് കൈവശം വയ്ക്കുന്നതാണ് പതിവ്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നു. പിന്നീട് ഉമ്മൻചാണ്ടി സർക്കാരിൽ സോളാർ, ബാർകോഴ വിവാദങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് ആദ്യം തിരുവഞ്ചൂർ രാധാകൃഷ്ണനും പിന്നീട് ചെന്നിത്തലയ്ക്കും കൈമാറിയത്. ഈ രാഷ്ട്രീയ പശ്ചാത്തലങ്ങൾ പരിഗണിക്കുമ്പോൾ ആഭ്യന്തര വകുപ്പിൽ അന്തിമ തീരുമാനം എന്താകുമെന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.










