04:29am 12 November 2026
NEWS
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി വെൽ ഡ്രാഫ്റ്റഡെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞതെന്ന് വി ഡി സതീശൻ
11/12/2025  01:22 PM IST
nila
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി വെൽ ഡ്രാഫ്റ്റഡെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞതെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം ഇരട്ടനീതി ആണെന്ന് പ്രതിപക്ഷ നേതാവ്. പരാതി 13 ദിവസത്തോളം കൈകാര്യം ചെയ്യാതെ താമസിപ്പിച്ചതിന് പിന്നിലെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും  വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പശ്ചാത്തലമുള്ള ഒരു എംഎൽഎക്കെതിരായി പരാതി ലഭിച്ചപ്പോൾ മുഖ്യമന്ത്രി അതിവേഗം പോലീസിലേക്ക് ഫോർവേഡ് ചെയ്തുവെന്നും, അതിൽ യുഡിഎഫിന് യാതൊരു വിമർശനവുമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ സിപിഎം അനുഭാവിയായ മുൻ എംഎൽഎ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ നവംബർ 27-ന് മുഖ്യമന്ത്രിക്ക് കിട്ടിയ പരാതിയെ ഡിസംബർ 2 വരെ പോലീസിന് കൈമാറിയില്ല. കേസ് എടുത്തത് ഡിസംബർ 8-നാണെന്നും അദ്ദേഹം ആരോപിച്ചു. "മൊത്തത്തിൽ 13 ദിവസം നീണ്ട ഈ താമസം മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് നയത്തിന്റെ തെളിവാണ്," സതീശൻ പറഞ്ഞു.

അതേസമയം, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂത്തിലിനെതിരായ രണ്ടാമത്തെ പരാതി സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് നടത്തിയ പരാമർശത്തെ കുറിച്ചും പ്രതിപക്ഷ നേതാവ് വ്യക്തത വരുത്തി. നന്നായി തയ്യാറാക്കിയ പരാതി(well drafted document)യാണെന്നാണ് കെപിസിസി അധ്യക്ഷൻ പറഞ്ഞത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിശദീകരണം. അതിൽ തെറ്റൊന്നുമില്ല. അങ്ങനെ തന്നെയാണ് പരാതി നൽകേണ്ടത്. പരാതികളെ മുൻവിധിയോടെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർത്തുമ്പോൾ, സ്വന്തം മന്ത്രിസഭയിലും ഓഫീസിലുമുള്ള പാളിച്ചകൾ മറക്കരുതെന്ന് സതീശൻ കൃതം ചൂണ്ടിക്കാട്ടി. ഇടതുപക്ഷ നേതാക്കളിൽ എത്രപേർ ലൈംഗിക കേസുകളിൽപ്പെട്ടവരാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2017-ലെ ഗെയിൽ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.എം. സുധീരനെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും വിമർശിച്ച സാഹചര്യവും സതീശൻ ഉദ്ധരിച്ചു. അന്ന് വ്യവസായമന്ത്രി എ.സി. മൊയ്തീൻ സമരക്കാരുമായി ചർച്ച നടത്തുകയും പൊലീസ് അധികാരികളെ താക്കീത് ചെയ്യുകയും ചെയ്തതിനു ശേഷം സർക്കാർ തന്നെ സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. “അതിനെ ഇപ്പോൾ പരിഹസിക്കുന്നത് മുഖ്യമന്ത്രിക്ക് യോജിച്ചതല്ല,” അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ അപ്പീൽ നിർബന്ധമാണെന്നതാണ് യുഡിഎഫിന്റെ നിലപാടെന്നും, അതിൽ കോൺഗ്രസിന് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും സതീശൻ വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ സിപിഎം പ്രവർത്തകൻ പിന്നീട് മറ്റൊരു കവർച്ചക്കേസിലും പ്രതിയായിട്ടുണ്ടെങ്കിലും പാർട്ടി നടപടി ഇല്ലാത്തത് “പ്രതി മറ്റുനേതാക്കളുടെ പേര് പറയുമോ എന്ന ഭയം കൊണ്ടാണെന്ന്” സതീശൻ ആരോപിച്ചു.

ജമാഅത്തെ ഇസ്ലാമി പിന്തുണ – ഇരട്ടത്താപ്പ് ആരോപണം

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുന്നതിൽ സിപിഎം കാട്ടുന്ന സമീപനം മുഴുവൻ വിലപേശലും ഇരട്ടത്താപ്പുമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. 42 വർഷമായി സിപിഎം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് നേരിട്ടിട്ടുണ്ടെന്നും, എം.വി. ഗോവിന്ദൻ ഉൾപ്പെടെ നേതാക്കൾ നിരന്തരം അവരുടെ പിന്തുണയിൽ വിജയിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. "അവർക്കു പിന്തുണ സ്വീകരിക്കാൻ പറ്റും; കോൺഗ്രസിന് പാടില്ലേ?" എന്നാണ് സതീശന്റെ ചോദ്യം.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img