06:17pm 08 November 2026
NEWS
മൂന്നു ലക്ഷം രൂപയുടെ ഷൂ 5,000 രൂപയ്ക്ക് നൽകാമെന്ന് വി ഡി സതീശൻ
10/04/2025  04:54 PM IST
nila
മൂന്നു ലക്ഷം രൂപയുടെ ഷൂ 5,000 രൂപയ്ക്ക് നൽകാമെന്ന് വി ഡി സതീശൻ

എഐസിസി സമ്മേളനത്തിൽ പങ്കെടുത്തത് മൂന്നു ലക്ഷം രൂപയുടെ ഷൂ ധരിച്ചാണെന്ന വിവാ​ദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്നുലക്ഷം രൂപയുടെ ഷൂ വെറും അയ്യായിരം രൂപക്ക് നൽകാമെന്നായിരുന്നു സതീശന്റെ പ്രതികരണം. എന്നാലും തനിക്ക് ലാഭമാണെന്നും വി ഡി സതീശൻ പറഞ്ഞു. ഇന്ത്യയിൽ ഒമ്പതിനായിരം രൂപ വിലയുള്ള ഷൂവാണ് ഇതെന്നും പുറത്ത് അതിലും വില കുറവാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അടുത്ത സു​ഹൃത്ത് ലണ്ടനിൽ നിന്നും വന്നപ്പോൾ തനിക്ക് സമ്മാനിച്ചതാണ് ആ ഷൂവെന്നും അദ്ദേഹം പറഞ്ഞു. 

‘‘മൂന്ന് ലക്ഷം രൂപയുടെ ഷൂ ഇട്ടെന്നാണ് സിപിഎം സൈബർ ഹാൻഡിലുകളാണ് പ്രചരിപ്പിച്ചത്. ആരു വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നൽകാം. മൂന്നു ലക്ഷം രൂപയുടെ ഷൂ അയ്യായിരം രൂപയ്ക്ക് ഞാൻ നൽകാം. ഇതിൽ കൂടുതൽ എനിക്ക് ചെയ്യാനാകില്ല. ഞാൻ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില 9,000 രൂപയാണ്. പുറത്ത് അതിലും കുറവാണ് വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് മോശം ഷൂവാണ് ഉപയോഗിച്ചിരുന്നത്. ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനിൽനിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോൾ രണ്ടു വർഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക് ആരു വന്നാലും ആ ഷൂ നൽകാം. അത് എനിക്ക് ലാഭമാണ്’’ – സതീശൻ പറഞ്ഞു.

 അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് മൂന്നു ലക്ഷം രൂപയുടെ ഷൂവാണ് ധരിച്ചതെന്നായിരുന്നു ഉയർന്ന വിമർശനം. സിപിഎം സൈബർ ഗ്രൂപ്പുകളിലായിരുന്നു ഇത്തരം ചർച്ചകൾ സജീവമായത്. ക്ലൗഡ്ടിൽറ്റിന്റെ വിലയേറിയ ഷൂവാണ് സതീശൻ ധരിച്ചതെന്നായിരുന്നു പ്രചാരണം. മൂന്നു ലക്ഷം രൂപയുടെ പ്രൈസ് ടാഗ് അടക്കമുള്ള ചിത്രങ്ങളാണ് സതീശൻറെ ഫോട്ടോയ്ക്കൊപ്പം പ്രചരിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img