
എഐസിസി സമ്മേളനത്തിൽ പങ്കെടുത്തത് മൂന്നു ലക്ഷം രൂപയുടെ ഷൂ ധരിച്ചാണെന്ന വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്നുലക്ഷം രൂപയുടെ ഷൂ വെറും അയ്യായിരം രൂപക്ക് നൽകാമെന്നായിരുന്നു സതീശന്റെ പ്രതികരണം. എന്നാലും തനിക്ക് ലാഭമാണെന്നും വി ഡി സതീശൻ പറഞ്ഞു. ഇന്ത്യയിൽ ഒമ്പതിനായിരം രൂപ വിലയുള്ള ഷൂവാണ് ഇതെന്നും പുറത്ത് അതിലും വില കുറവാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അടുത്ത സുഹൃത്ത് ലണ്ടനിൽ നിന്നും വന്നപ്പോൾ തനിക്ക് സമ്മാനിച്ചതാണ് ആ ഷൂവെന്നും അദ്ദേഹം പറഞ്ഞു.
‘‘മൂന്ന് ലക്ഷം രൂപയുടെ ഷൂ ഇട്ടെന്നാണ് സിപിഎം സൈബർ ഹാൻഡിലുകളാണ് പ്രചരിപ്പിച്ചത്. ആരു വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നൽകാം. മൂന്നു ലക്ഷം രൂപയുടെ ഷൂ അയ്യായിരം രൂപയ്ക്ക് ഞാൻ നൽകാം. ഇതിൽ കൂടുതൽ എനിക്ക് ചെയ്യാനാകില്ല. ഞാൻ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില 9,000 രൂപയാണ്. പുറത്ത് അതിലും കുറവാണ് വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് മോശം ഷൂവാണ് ഉപയോഗിച്ചിരുന്നത്. ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനിൽനിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോൾ രണ്ടു വർഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക് ആരു വന്നാലും ആ ഷൂ നൽകാം. അത് എനിക്ക് ലാഭമാണ്’’ – സതീശൻ പറഞ്ഞു.
അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് മൂന്നു ലക്ഷം രൂപയുടെ ഷൂവാണ് ധരിച്ചതെന്നായിരുന്നു ഉയർന്ന വിമർശനം. സിപിഎം സൈബർ ഗ്രൂപ്പുകളിലായിരുന്നു ഇത്തരം ചർച്ചകൾ സജീവമായത്. ക്ലൗഡ്ടിൽറ്റിന്റെ വിലയേറിയ ഷൂവാണ് സതീശൻ ധരിച്ചതെന്നായിരുന്നു പ്രചാരണം. മൂന്നു ലക്ഷം രൂപയുടെ പ്രൈസ് ടാഗ് അടക്കമുള്ള ചിത്രങ്ങളാണ് സതീശൻറെ ഫോട്ടോയ്ക്കൊപ്പം പ്രചരിപ്പിച്ചത്.











