06:02pm 10 November 2026
NEWS
വി.ഡി. സതീശൻ്റെ രാഷ്ട്രീയ വനവാസം: യു.ഡി.എഫ് നൂറു സീറ്റ് നേടുമെന്ന് പ്രത്യാശ
29/07/2025  09:21 AM IST
സുരേഷ് വണ്ടന്നൂർ
വി.ഡി. സതീശൻ്റെ രാഷ്ട്രീയ വനവാസം: യു.ഡി.എഫ് നൂറു സീറ്റ് നേടുമെന്ന് പ്രത്യാശ

അങ്കമാലി: യു.ഡി.എഫിനെ തകർപ്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ സാധിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഠിനാദ്ധ്വാനം ചെയ്ത് നൂറിലധികം സീറ്റ് നേടുമെന്നും അദ്ദേഹം അങ്കമാലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.​''നല്ല ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചുവന്നില്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്നാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചോദിച്ചത്. ഞാൻ രാഷ്ട്രീയ വനവാസത്തിന് പോകും. യു.ഡി.എഫ് നൂറിലധികം സീറ്റിൽ വിജയിച്ചാലും വെള്ളാപ്പള്ളി സ്ഥാനം രാജിവെക്കരുത്. അദ്ദേഹം ആജീവനാന്തം തുടരണം," സതീശൻ പറഞ്ഞു.
​വെള്ളാപ്പള്ളിയുമായി മത്സരിക്കാനോ തർക്കത്തിനോ പോകുന്നില്ലെന്നും സതീശൻ വ്യക്തമാക്കി. 98 സീറ്റ് യു.ഡി.എഫിന് കിട്ടിയാൽ രാജിവെക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. 97 സീറ്റുകൾ വരെ യു.ഡി.എഫിന് കിട്ടുമെന്ന് അദ്ദേഹത്തിന് സംശയമില്ല. രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്ന അദ്ദേഹത്തെപ്പോലെ പരിണിതപ്രജ്ഞനായ സമുദായ നേതാവ് 97 സീറ്റുകൾ ലഭിക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്. ബാക്കി നാലഞ്ച് സീറ്റ് കൂടി കിട്ടിയാൽ നൂറ് കവിയുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

​വെള്ളാപ്പള്ളിക്കെതിരെ ഒരു മോശം വാക്കും പറഞ്ഞിട്ടില്ലെന്ന് സതീശൻ അവകാശപ്പെട്ടു. ശ്രീനാരായണ ദർശനങ്ങൾ ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നയാളാണ് താൻ. നാട്ടിൽ ആരെങ്കിലും വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ യു.ഡി.എഫ് തടയും. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെ എതിർക്കുമെന്നത് ടീം യു.ഡി.എഫിന്റെ തീരുമാനമാണ്.

​വർഗീയത പറഞ്ഞല്ല, തകർച്ചയിൽ നിന്ന് കേരളത്തെ രക്ഷിക്കുമെന്ന് പറഞ്ഞാണ് യു.ഡി.എഫ് വോട്ട് പിടിക്കുന്നത്. വർഗീയ വിദ്വേഷത്തെയാണ് എതിർക്കുന്നത്. വ്യക്തികളോടോ സമുദായങ്ങളോടോ പ്രശ്‌നമില്ല. തന്നെക്കുറിച്ച് ഉപയോഗിച്ച ഭാഷയിൽ മറുപടി പറയാനാകില്ല. ഇരിക്കുന്ന കസേരയോട് തനിക്ക് ബഹുമാനമുണ്ട്. 90 വയസ്സിനടുത്ത് നിൽക്കുന്നയാളോട് മോശമായി ഒന്നും പറയാൻ പാടില്ലെന്ന ഔചിത്യം താൻ കാണിക്കുമെന്നും സതീശൻ പറഞ്ഞു.

​വോട്ടർപട്ടിക അട്ടിമറിച്ചു: രമേശ് ചെന്നിത്തല

​തിരുവനന്തപുരം: കേരളത്തിലെ വോട്ടർപട്ടികയിൽ മഹാരാഷ്ട്ര മോഡൽ അട്ടിമറി നടത്തി സി.പി.എമ്മിനെ രാഷ്ട്രീയമായി സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ബി.ജെ.പി.യുടെ നീക്കങ്ങൾ സസൂക്ഷ്മം കണ്ടു പഠിച്ച് നടപ്പാക്കലാണ് സി.പി.എം. കേരളത്തിൽ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img