
തിരുവനന്തപുരം: കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. ഇന്ന് ഉച്ചയോടെ ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലായിരുന്നു കൂടിക്കാഴ്ച. പിണറായി വിജയനും ഭാര്യ കമലയും മകൾ വീണയും ചേർന്നാണ് സതീശനെ സ്വീകരിച്ചത്. ഹസ്തദാനം നൽകി വീട്ടിലേക്കു ക്ഷണിച്ച പിണറായി, ചായ നൽകിയാണ് സത്ക്കരിച്ചത്. സന്ദർശനത്തിനിടെ സൗഹൃദപരമായ സംഭാഷണങ്ങളാണ് നടന്നത്. “സിഎം വളരെ ചിട്ടയുള്ള ആളാണ്. എനിക്കത് ഇല്ല. ഞാൻ ഭക്ഷണം പോലും പകുതിയേ കഴിക്കാറുള്ളു,” എന്നായിരുന്നു സതീശന്റെ തമാശകലർന്ന പരാമർശം.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച വി.ഡി. സതീശൻ, സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ് പിണറായി വിജയൻ എന്ന് പറഞ്ഞു. കേരളത്തിന്റെ വികസനവും പ്രധാന വിഷയങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിൽ പിണറായിയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പിണറായി വിജയനെ ക്ഷണിച്ചതായും സതീശൻ അറിയിച്ചു.
അതേസമയം, കൂടുതൽ പ്രതികരണങ്ങൾക്ക് മുൻ മുഖ്യമന്ത്രി തയ്യാറായില്ല. “പിന്നീട് പറയാം” എന്ന ചുരുക്ക പ്രതികരണമാണ് പിണറായി വിജയൻ നൽകിയത്. വി.ഡി. സതീശൻ എത്തുമ്പോൾ സിപിഎം നേതാക്കളായ വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ എന്നിവർ വസതിയിൽ സന്നിഹിതരായിരുന്നു.










