12:38pm 17 May 2026
NEWS
ഗ്രൂപ്പ് കളിക്ക് വിരാമം? ചെന്നിത്തലയെയും കെ.സിയെയും നേരിട്ടുകണ്ട് വി.ഡി. സതീശൻ; ഇന്ന് ഉച്ചയോടെ അന്തിമ പട്ടിക ലോക്ഭവനിലേക്ക്
17/05/2026  10:17 AM IST
സുരേഷ് വണ്ടന്നൂർ
ഗ്രൂപ്പ് കളിക്ക് വിരാമം? ചെന്നിത്തലയെയും കെ.സിയെയും നേരിട്ടുകണ്ട് വി.ഡി. സതീശൻ; ഇന്ന് ഉച്ചയോടെ അന്തിമ പട്ടിക ലോക്ഭവനിലേക്ക്

തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയത്തിലെ പതിവ് ഗ്രൂപ്പ് സമവാക്യങ്ങളെയും മദ്ധ്യസ്ഥ ചർച്ചകളെയും അപ്രസക്തമാക്കിക്കൊണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ അതിവേഗ നീക്കം. മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് പതിനൊന്ന് ദിവസം വേണ്ടിവന്ന സ്ഥാനത്ത്, വെറും ഒരൊറ്റ ദിവസം കൊണ്ട് മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ ഏകദേശ ധാരണയിലെത്തിക്കാൻ വി.ഡി. സതീശന് കഴിഞ്ഞു. ഇനി അവശേഷിക്കുന്ന ചില നീക്കുപോക്കുകൾ കൂടി പൂർത്തിയാക്കി കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഇന്ന് ഉച്ചയ്ക്ക് മുമ്പ് ഡൽഹിയിലേക്ക് അയച്ച് അംഗീകാരം വാങ്ങും. ഉച്ചയോടെ ഘടകകക്ഷി മന്ത്രിമാരുടെ പേരുകൾ അടക്കം ലോക്ഭവന് കൈമാറാനാണ് നീക്കം.
​ചെന്നിത്തലയെയും കെ.സിയെയും നേരിട്ടുകണ്ട് സതീശൻ
​മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മാനസികമായി അകന്നുനിന്ന സീനിയർ നേതാവ് രമേശ് ചെന്നിത്തലയെയും എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അവരുടെ വസതികളിൽ നേരിട്ടെത്തി കണ്ട് ചർച്ച നടത്തി പൂർണ്ണ പിന്തുണ ഉറപ്പാക്കാൻ സതീശന് കഴിഞ്ഞു. തലേദിവസവും ചെന്നിത്തലയെ അദ്ദേഹം വീട്ടിൽ പോയി കണ്ടിരുന്നു. ദൂതന്മാരെ അയച്ചും മദ്ധ്യസ്ഥരെ നിയോഗിച്ചും ദിവസങ്ങളോളം നീളുന്ന ഒത്തുതീർപ്പുകളിലെത്തുന്ന പതിവ് രാഷ്ട്രീയ ശൈലി മാറ്റിവെച്ച്, എല്ലാ കാര്യങ്ങൾക്കും വി.ഡി. സതീശൻ നേരിട്ട് ഇറങ്ങുകയായിരുന്നു.
​മുന്നണി ചർച്ചകളും സമാന്തര നീക്കങ്ങളും
​യു.ഡി.എഫിലെ രണ്ടാം സ്ഥാനക്കാരായ മുസ്ലീംലീഗിന്റെ തിരുവനന്തപുരത്തെ പാണക്കാട് ഹൗസിലെത്തിയാണ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കളുമായി വി.ഡി. സതീശൻ ചർച്ച നടത്തിയത്. മറ്റ് ഘടകകക്ഷി നേതാക്കൾ സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെത്തിയാണ് ചർച്ചകളിൽ പങ്കാളികളായത്.
​ഇതേസമയം തന്നെ തലസ്ഥാനത്ത് പ്രമുഖ നേതാക്കളെ കേന്ദ്രീകരിച്ച് സമാന്തര ചർച്ചകളും അരങ്ങേറി. കെ.സി. വേണുഗോപാലിന്റെ നാലാഞ്ചിറയിലെ വീട്ടിലും രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വീട്ടിലുമായിരുന്നു കൂടിക്കാഴ്ചകൾ. കെ.സി. വേണുഗോപാലും മുൻ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് ചർച്ചകൾ നടത്തി.
​എല്ലാ തർക്കങ്ങളും പരിഹരിച്ച്, പുതിയൊരു ഭരണശൈലിയുടെ സൂചന നൽകിക്കൊണ്ട് ഇന്ന് ഉച്ചയോടെ പുതിയ മന്ത്രിസഭയുടെ അന്തിമ ചിത്രം വ്യക്തമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img