01:18pm 09 September 2026
NEWS
‘വിമർശിക്കുന്നവർ ശത്രുക്കളല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് വി.ഡി. സതീശൻ
09/09/2026  12:52 PM IST
nila
‘വിമർശിക്കുന്നവർ ശത്രുക്കളല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: സ്ത്രീകളെ സംബന്ധിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ വിവാദ പരാമർശത്തിൽ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്നെ വിമർശിക്കാനും തനിക്കെതിരേ ലേഖനങ്ങൾ എഴുതാനും എല്ലാവർക്കും അവകാശമുണ്ടെന്നും അത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ല. തന്നെ വിമർശിക്കുന്നവർ തന്റെ ശത്രുക്കളല്ല’ എന്നും വി.ഡി. സതീശൻ വ്യക്തമാക്കി. വിമർശകരുടെ അവകാശത്തെയോ അവർ ഉപയോഗിക്കുന്ന ഭാഷയെയോ താൻ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ നിലപാട് മാറ്റിയിട്ടുണ്ടെങ്കിൽ മാധ്യമങ്ങളെ വിളിച്ച് അറിയിക്കും. വിഷയത്തിൽ അന്തിമ വിലയിരുത്തൽ പൊതുസമൂഹം നടത്തട്ടെയെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

സമൂഹമാധ്യമ പോസ്റ്റ് നീക്കിയതിൽ വിശദീകരണം

കാന്തപുരം വിഷയത്തിലെ പ്രതികരണവുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റ് നീക്കം ചെയ്തെന്ന തരത്തിൽ വന്ന വാർത്തകളിലും വി.ഡി. സതീശൻ വിശദീകരണം നൽകി. വാർത്താസമ്മേളനം മുഴുവനായും ഫെയ്‌സ്ബുക്കിൽ ലൈവ് നൽകിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ നിശ്ചിത ഭാഗം മാത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്. ഫെയ്‌സ്ബുക്കിൽ വീഡിയോ നേരത്തെ തന്നെ ലഭ്യമായതിനാൽ ആവർത്തനം ഒഴിവാക്കാനാണ് ഇൻസ്റ്റാഗ്രാം പോസ്റ്റ് നീക്കം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

വീഡിയോ ഇപ്പോഴും ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘കൂടിക്കാഴ്ച മുൻകൂട്ടി നിശ്ചയിച്ചത്’

എ.പി. വിഭാഗം നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും വി.ഡി. സതീശൻ പ്രതികരിച്ചു. താൻ കാന്തപുരം വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലല്ല നേതാക്കൾ തന്നെ കാണാനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് എത്തുന്ന കാര്യം അവർ നേരത്തെ തീരുമാനിച്ചിരുന്നതാണ്. തന്നെ കാണുന്നതിനായി തലേദിവസം തന്നെ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തെത്തിയതായും മൂന്നാഴ്ച മുൻപ് നിശ്ചയിച്ച അപ്പോയിന്റ്‌മെന്റ് പ്രകാരമാണ് കൂടിക്കാഴ്ച നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ചേന്തി അനിൽ ക്ഷമ ചോദിച്ചു, ഞാൻ സ്വീകരിച്ചു’

ചേന്തി അനിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം തന്നോട് ക്ഷമ ചോദിച്ചിരുന്നുവെന്നും ആ ക്ഷമ താൻ സ്വീകരിച്ചെന്നും വി.ഡി. സതീശൻ പറഞ്ഞു. അദ്ദേഹത്തോട് തനിക്ക് യാതൊരു വിരോധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചേന്തി അനിൽ ക്ഷമ ചോദിച്ചപ്പോൾ താൻ വലുതാവുകയും അദ്ദേഹം ചെറുതാവുകയും ചെയ്തതുപോലെയാണ് തോന്നിയതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img