05:48am 01 May 2026
NEWS
'പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വാഹന മോഡിഫിക്കേഷനിൽ നിലപാട് വ്യക്തമാക്കി വി ഡി സതീശൻ
08/04/2026  05:59 PM IST
nila
പിള്ളേര് മോഡിഫൈ ചെയ്യട്ടെ; വാഹന മോഡിഫിക്കേഷനിൽ നിലപാട് വ്യക്തമാക്കി വി ഡി സതീശൻ

 

വാഹന മോഡിഫിക്കേഷനുകൾക്ക് കടുത്ത നിയമ നിയന്ത്രണങ്ങളുള്ള സംസ്ഥാനമായി കേരളം അറിയപ്പെടുന്നുണ്ടെങ്കിലും, ഇത്തരം മാറ്റങ്ങൾ വരുത്തി വാഹനങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇവിടെ കുറവല്ല. പ്രത്യേകിച്ച് യുവാക്കളിലാണ് ഈ താത്പര്യം കൂടുതലായി കാണുന്നത്. നിയമപരമായ തടസങ്ങൾ മൂലം സ്വന്തം ഇഷ്ടാനുസരണം വാഹനങ്ങൾ മാറ്റിപ്പണിയാൻ കഴിയാതെ നിരാശപ്പെടുന്ന ഈ വിഭാഗത്തിന്റെ മനസ്സിലേക്ക് നേരിട്ട് എത്തിച്ചേർന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു റീൽ വീഡിയോയിലൂടെ, ഈ വിഷയത്തിൽ വലിയൊരു ചർച്ചയ്ക്കും പിന്തുണയ്ക്കും തുടക്കം കുറിച്ചിരിക്കുകയാണ് അദ്ദേഹം.

'പിള്ളേര് മോഡിഫൈ ചെയ്യട്ടെ' എന്ന് തമ്പ്‌നൈലിലും ക്യാപ്ഷനിലും എഴുതിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് റീൽ പോസ്റ്റ് ചെയ്തത്. ചോദ്യത്തിന് മറുപടിയായി വി.ഡി. സതീശൻ മോഡിഫിക്കേഷനെ കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. വാഹനങ്ങളിൽ അപകടകരമല്ലാത്ത മോഡിഫിക്കേഷൻ നടത്തുന്നത് തെറ്റല്ലെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇതിന് അനുമതി നൽകുമെന്നുമാണ് അദ്ദേഹം പറയുന്നത്.

'പ്രകടനപത്രികയിൽ ഞങ്ങൾ അത് പറഞ്ഞിട്ടുണ്ട്. അപകടകരമല്ലാത്ത രീതിയിൽ വണ്ടിയിൽ നടത്തുന്ന മോഡിഫിക്കേഷനുകൾ തെറ്റല്ല. അപകടകരമായ രീതിയിൽ വെക്കുമ്പോൾ മാത്രമാണ് അത് തെറ്റാകുന്നത്. അത് സമ്മതിക്കില്ല. അല്ലാതെയുള്ള മോഡിഫിക്കേഷൻസ് നടത്തട്ടെ. ചെറുപ്പക്കാർക്കൊക്കെ അത് വലിയ ആഗ്രഹമല്ലേ. അവരത് ഭംഗിയായി കൊണ്ടുനടക്കുന്നതല്ലേ. അത് കൊണ്ടുനടക്കട്ടെ, അതിലെന്താ തെറ്റ്?' -വി.ഡി. സതീശൻ പറഞ്ഞു.

'പ്രളയസമയത്ത് അവരുടെ ഭാഗത്തുനിന്ന് വലിയ പിന്തുണ ഉണ്ടായിട്ടുണ്ട്. അവരെല്ലാം വണ്ടിയുമായി വന്നു. പിന്നീട് അവരെ പിറകെ നടന്ന് ഉപദ്രവിക്കുന്ന രീതിയിലേക്ക് അത് മാറി. അതുകൊണ്ടാണ് യുഡിഎഫ് അത് ഗൗരവമായി ആലോചിച്ചത്.' -അദ്ദേഹം തുടർന്നു. പോസ്റ്റ് ചെയ്ത് 24 മണിക്കൂർ തികയും മുമ്പ് 52 ലക്ഷം പേരാണ് റീൽ കണ്ടത്. പ്രതിപക്ഷനേതാവിന്റെ വാക്കുകളെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി പേരാണ് റീലിന് താഴെ കമന്റുകളിട്ടത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img