02:26pm 18 August 2026
NEWS
കെഎസ്‌യു അധ്യക്ഷനെ അവഗണിച്ച് മുഖ്യമന്ത്രി; കോൺഗ്രസിൽ ഭിന്നത തുടരുന്നു
17/07/2026  05:47 PM IST
nila
കെഎസ്‌യു അധ്യക്ഷനെ അവഗണിച്ച് മുഖ്യമന്ത്രി; കോൺഗ്രസിൽ ഭിന്നത തുടരുന്നു

കൊച്ചി: തേവര എസ്.എച്ച്. കോളേജിൽ നടന്ന ഹെൽത്ത് സമ്മിറ്റിൽ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രസംഗം കഴിഞ്ഞ് വേദിയിൽ നിന്ന് മടങ്ങുന്നതിനിടെ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ അവഗണിച്ച സംഭവം വിവാദമാകുന്നു. വേദി വിട്ടിറങ്ങുന്ന മുഖ്യമന്ത്രിയെ കാണാനായി കാത്തുനിന്നവരിൽ അലോഷ്യസ് സേവ്യറും ഉണ്ടായിരുന്നു. എന്നാൽ സമീപത്തുണ്ടായിരുന്ന മറ്റു ചിലരുമായി സംസാരിച്ച വി.ഡി. സതീശൻ അലോഷ്യസിനെ അഭിവാദ്യം ചെയ്യാതെ മടങ്ങുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വലിയ വിവാദമായി. 

ഹൈക്കോടതി പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കെഎസ്‌യു നേതൃത്വത്തെ വിമർശിച്ച വി.ഡി. സതീശന്റെ നിലപാട് ഇതിനകം തന്നെ കോൺഗ്രസിനകത്ത് അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമായിരുന്നു. അതിനിടെയാണ് പൊതുവേദിയിൽ നടന്ന ഈ സംഭവവും കൂടുതൽ ചർച്ചയാകുന്നത്.

കെഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും വളർന്നു വന്ന നേതാവായ സതീശൻ, ഒരു വിദ്യാർഥി നേതാവിനോട് ഇത്തരത്തിൽ പെരുമാറുന്നത് പ്രവർത്തകർക്കിടയിൽ മോശം സന്ദേശം നൽകുമെന്ന് വിമർശനമുയരുന്നുണ്ട്. അണികളോട് കാണിക്കേണ്ട മാന്യതയും സംഘടനാപരമായ മര്യാദയും ഇവിടെ ലംഘിക്കപ്പെട്ടതായും ആക്ഷേപം ഉയരുന്നുണ്ട്. മുൻപ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടും അത് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ, ഒരു പൊതുവേദിയിൽ പോലും അവഗണിക്കപ്പെട്ടത് കെഎസ്‌യു സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യു ഉന്നയിച്ച വിമർശനങ്ങളാണ് ഈ ചേരിപ്പോരിന് പിന്നിൽ. തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ് കമ്മിറ്റി പ്ലീഡർ നിയമനത്തിൽ ഉന്നയിച്ച ആക്ഷേപങ്ങളോട് സതീശൻ നടത്തിയ പരിഹാസരൂപേണയുള്ള പ്രതികരണം കെഎസ്‌യു പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. പ്ലീഡർമാരുടെ കാര്യം തീരുമാനിക്കുന്നത് യൂണിറ്റ് കമ്മിറ്റിയാണോ എന്നും അവർക്ക് ഇതിൽ എന്ത് റോൾ ആണുള്ളത് എന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് അലോഷ്യസ് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുകയും മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തി അറിയിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img