11:20pm 05 May 2026
NEWS
''മുഖ്യമന്ത്രി സതീശാ..''; എറണാകുളത്ത് വി ഡി സതീശന് വൻ സ്വീകരണം
05/05/2026  08:34 PM IST
nila
മുഖ്യമന്ത്രി സതീശാ..; എറണാകുളത്ത് വി ഡി സതീശന് വൻ സ്വീകരണം

വി ഡി സതീശന് എറണാകുളത്ത് ആവേശകരമായ സ്വീകരണം. തലസ്ഥാനത്ത് നിന്നെത്തിയ വി ഡി സതീശനെ വരവേൽക്കാൻ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലേക്ക് ഒഴുകിയെത്തുകയായിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം കൊടിതോരണങ്ങളും മുദ്രാവാക്യങ്ങളും കൊണ്ട് ആഘോഷവേദിയായി മാറി. ഏറെ നേരം കാത്തുനിന്ന പ്രവർത്തകർ സതീശൻ സ്റ്റേഷനിൽ എത്തിയതോടെ ആവേശകൊടുമുടി കയറി. പൂച്ചെണ്ടുകൾ നൽകി, കൈകൊടുത്ത്, മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രവർത്തകർ തങ്ങളുടെ നേതാവിനോടുള്ള പിന്തുണ പ്രകടിപ്പിച്ചു.

സ്റ്റേഷൻ പരിസരത്ത് ഉത്സവസമാനമായ അന്തരീക്ഷമാണ് അനുഭവപ്പെട്ടത്. ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് കൈവീശിയ സതീശൻ പ്രവർത്തകരുടെ സ്നേഹത്തിന് നന്ദി അറിയിച്ചു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ആഘോഷങ്ങളുടെ തുടർച്ചയായാണ് എറണാകുളത്തും വൻ സ്വീകരണം അരങ്ങേറിയത്.

മുഖ്യമന്ത്രി സതീശാ, വി.ഡി.എസ് എന്നുൾപ്പെടെയുള്ള മുദ്രാവാക്യങ്ങളും ജനക്കൂട്ടത്തിൽ നിന്നുയർന്നു. ജനങ്ങളെ നിയന്ത്രിക്കാൻ പോലീസും പാടുപെട്ടു. പ്രവർത്തകർ സതീശനെ എടുത്തുയർത്തി. റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളം ഡിസിസി ഓഫീസിലേക്കാണ് സതീശൻ പോയത്. അവിടെ നിന്നാണ് സ്വന്തം മണ്ഡലമായ പറവൂരിലേക്കാണ് വി.ഡി. സതീശൻ പോകുന്നത്. ഡിസിസി ഓഫീസിലും ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്ന് മടങ്ങാൻ സാധിക്കാത്ത വിധം വൻജനാവലിയാണ് പരിസരത്ത് തടിച്ചുകൂടിയത്.

അതേസമയം മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട ചർച്ചകൾ കോൺഗ്രസിൽ നടന്നുവരികയാണ്. പ്രതിപക്ഷ നേതാവും യു.ഡി.എഫ്. ചെയർമാനുമെന്നനിലയിൽ വി.ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവും സീനിയോറിറ്റിയിൽ മുൻപനുമായ രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരാണ് പരിഗണനയിലുള്ളത്. എം.എൽ.എ.മാരുടെ അഭിപ്രായമാരാഞ്ഞശേഷം ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ നിശ്ചയിക്കുകയാണ് കോൺഗ്രസിലെ രീതി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img