
തിരുവനന്തപുരം: വൻ ഭൂരിപക്ഷത്തോടെ ജനവിധി നേടി അധികാരത്തിലെത്തിയ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ നാളെ (ജൂൺ 18) ഒരു മാസം പൂർത്തിയാക്കുന്നു. കഴിഞ്ഞ മേയ് 18-നായിരുന്നു പുതിയ സർക്കാർ അധികാരമേറ്റത്. നാളെ ഒരു മാസം തികയുന്നതിന്റെ തൊട്ടടുത്ത ദിവസം, അതായത് ജൂൺ 19-ന് അവതരിപ്പിക്കാനിരിക്കുന്ന തന്റെ ആദ്യ ബഡ്ജറ്റിന്റെ അന്തിമ മിനുക്കുപണികളിലാണ് ധനകാര്യ വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ. ജനങ്ങളെ കാത്തിരിക്കുന്ന ചില വലിയ 'വിസ്മയങ്ങൾ' ഈ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.ഇത്തവണ പതിവി വിപരീതമായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ നിന്നായിരിക്കും മുഖ്യമന്ത്രി ബഡ്ജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുക. ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ ഇതുവരെ പൂർത്തിയാകാത്തതിനാലാണ് മുഖ്യമന്ത്രിയുടെ താമസം അങ്ങോട്ട് മാറ്റാത്തത്. പണികൾ തീർന്ന് താമസം മാറാൻ ഇനിയും കുറഞ്ഞത് ഒരാഴ്ചയെങ്കിലും എടുത്തേക്കും. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് മാറാത്തതിനാൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് തന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് മാറാനും സാധിച്ചിട്ടില്ല.
ജനപ്രിയ തീരുമാനങ്ങൾ; പക്ഷേ സ്റ്റാഫ് നിയമനം ഇനിയും പൂർത്തിയായില്ല
ഭരണത്തിലേറി ഒരു മാസത്തിനുള്ളിൽ തന്നെ ജനപ്രിയമായ ഒട്ടനവധി തീരുമാനങ്ങൾ നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. എന്നാൽ യു.ഡി.എഫ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ഇനിയും പൂർണ്ണമായിട്ടില്ല. സ്റ്റാഫ് അംഗങ്ങളാകാൻ അപേക്ഷകരുടെ വലിയ തിരക്കാണെങ്കിലും, കടുത്ത മാനദണ്ഡങ്ങളും സൂക്ഷ്മ പരിശോധനകളും നടത്തി സുതാര്യത ഉറപ്പാക്കിയ ശേഷമേ അന്തിമ നിയമനം നടത്താവൂ എന്നാണ് പാർട്ടിയിലെയും മുന്നണിയിലെയും ധാരണ. ചില മന്ത്രിമാർക്ക് പ്രൈവറ്റ് സെക്രട്ടറിമാരെ നിയമിച്ചെങ്കിലും ഭൂരിഭാഗം പേരുടെയും നിയമനങ്ങൾ ഇപ്പോഴും അന്തിമഘട്ടത്തിലാണ്.










