
കണ്ണൂരിൽ സിപിഎം ഗുണ്ടായിസം കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി സെക്രട്ടറിയുടെ നിയോജകമണ്ഡലത്തിൽ വേറെയാരും നാമനിർദേശ പത്രിക കൊടുക്കാൻ പാടില്ലെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. സ്ഥാനാർഥികളെയും ഉദ്യോഗസ്ഥരെയും സിപിഎം ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
ഇതുവരെയില്ലാത്ത രീതിയിലാണ് സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ പറയുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കുകയാണ്. സ്ഥാനാർഥി, തന്റെ ഒപ്പാണെന്ന് പറഞ്ഞിട്ടും അത് നിങ്ങളുടെ ഒപ്പ് അല്ലെന്ന് പറഞ്ഞ് നാമനിർദേശപത്രിക റിട്ടേണിങ് ഓഫീസർ തള്ളുന്ന വിചിത്രമായ കാലമാണ്. ആളുകളെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. നിങ്ങളെ തട്ടിക്കളയും, ഇല്ലാതാക്കിക്കളയും എന്നൊക്കെ പറയുകയാണ്. വനിതാസ്ഥാനാർഥികളെ അവരുടെ വീടുകളിൽ പോയി ഭീഷണിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങളാണ് പുറത്തുവരുന്നത്. ബിജെപി എന്ന ഫാസിസ്റ്റ് പാർട്ടിയിൽനിന്ന് വ്യത്യസ്തമല്ല സിപിഎം. ഇതും ഒരു ഫാസിസ്റ്റ് പാർട്ടിയാണെന്ന് തെളിയിക്കുകയാണ്.- പ്രതിപക്ഷ നേതാവ് പറഞ്ഞു.
എറണാകുളത്ത് ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളി. ഖാദി ബോർഡിലെ അറ്റാച്ച്ഡ് ജീവനക്കാരിയാണെന്ന് പറഞ്ഞാണ് ആ പത്രിക തള്ളിയത്, സതീശൻ പറഞ്ഞു. കാസർകോട്ടും കണ്ണൂരും ഇതുപോലുള്ള നാല് സിപിഎം സ്ഥാനാർഥികളുടെ പത്രിക സ്വീകരിച്ചു. ഇതേ ജോലി ചെയ്യുന്നവരാണ് അവർ, അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണ, നാമനിർദേശ പത്രിക പിഴവ് തിരുത്താൻ തിരിച്ചുകൊടുക്കാറുണ്ട്. എന്നാൽ, എറണാകുളം ജില്ലാ പഞ്ചായത്തിൽ, കടമക്കുടി ഡിവിഷനിൽ, സ്ഥാനാർഥി നാമനിർദേശ പത്രിക തിരുത്തി തിരിച്ചുവന്നപ്പോൾ അവരെ അകത്തു കയറ്റിയില്ല. അവർക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ കഴിഞ്ഞില്ല. അവരെ പോലീസും മറ്റും ചേർന്ന് തടഞ്ഞുനിർത്തി. എന്ത് തോന്ന്യാസവും കാണിക്കാമെന്ന രീതിയിലാണ്. എന്ത് കാണിച്ചാലും സിപിഎം ജയിക്കില്ല. ജയിക്കാൻ പോകുന്നത് യുഡിഎഫാണ്. യുഡിഎഫ് അധികാരത്തിൽവരും. സംശയം വേണ്ട, സതീശൻ പറഞ്ഞു.
കോൺഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ചിടത്തോളം സാധാരണ തിരഞ്ഞെടുപ്പുകാലത്തുണ്ടാകുന്ന പത്തിലൊന്ന് പ്രശ്‌നങ്ങൾ ഇത്തവണയില്ലെന്നും സതീശൻ പറഞ്ഞു. ഏറ്റവും കുറവ് വിഷയങ്ങളാണ് ഇത്തവണയുള്ളത്. അതേസമയം, ഒരുകാലത്തും ഇല്ലാതിരുന്ന വിമതശല്യമാണ് സിപിഎമ്മിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











