
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ എത്തും. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് കോൺഗ്രസ് നേതൃത്വം മുഖ്യമന്ത്രി ആരായിരിക്കണം എന്ന തീരുമാനത്തിലേക്ക് എത്തിയത്. വാർത്താ സമ്മേളനത്തിൽ ദീപ ദാസ് മുൻഷിയോടൊപ്പം നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരും പങ്കെടുത്തു.
ഇന്ന് രാവിലെ രാഹുൽ ഗാന്ധി കെ.സി. വേണുഗോപാലുമായി ഒരു മണിക്കൂർ നീണ്ട ചർച്ച നടത്തിയെങ്കിലും തീരുമാനം വൈകുകയായിരുന്നു. ഇതിനുശേഷം രാഹുലും പ്രിയങ്കയും കെ.സി.യുമായി വീണ്ടും ചർച്ച നടത്തി. ഇതിനിടെ ദീപ ദാസ് മുൻഷിയും നിരീക്ഷകരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കാണുകയും ചെയ്തു.
കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സാധ്യതകൾ മങ്ങുന്നതായി രാഷ്ട്രീയ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, രാഹുൽ ഗാന്ധിയുമായി ഇന്ന് രാവിലെ കെ.സി. വേണുഗോപാൽ നടത്തിയ ചർച്ച ഒരുമണിക്കൂറിലേറെ നീണ്ടിരുന്നു. ഇതിനുശേഷമാണ് കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ലെന്ന് തീരുമാനിച്ചത്.










