
തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ച മുഖ്യമന്ത്രി, തെരച്ചിൽ കൂടുതൽ ഊർജിതമാക്കുമെന്നും സർക്കാർ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി രക്ഷാദൗത്യം തുടരുമെന്നും ഉറപ്പ് നൽകി.
അതേസമയം, രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യവുമായി കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി) രംഗത്തെത്തി. കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ മെല്ലെപ്പോക്ക് അംഗീകരിക്കാനാവില്ലെന്നും, രക്ഷാദൗത്യത്തിൽ അലംഭാവം കാട്ടുന്നത് ഗുരുതര വീഴ്ചയാണെന്നും കെസിബിസി വിമർശിച്ചു.
തിരച്ചിലിനായി അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ സംഘങ്ങളും അടിയന്തരമായി വിന്യസിക്കണമെന്നും, കടലിന്റെ സാഹചര്യങ്ങൾ നന്നായി അറിയുന്ന മത്സ്യത്തൊഴിലാളികളുടെ സേവനം രക്ഷാപ്രവർത്തനങ്ങളിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും കെസിബിസി ആവശ്യപ്പെട്ടു. കാണാതായവരെ കണ്ടെത്താനുള്ള എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഘടന സർക്കാരിനോട് അഭ്യർഥിച്ചു.










