
നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ പച്ചക്കള്ളം പറയുന്നു എന്ന പരാമർശത്തിലാണ് പ്രതിപക്ഷ നേതാവ് ക്ഷമ ചോദിച്ചത്. ഈ പരാമർശം സഭ രേഖകളിൽ ഉണ്ടാകാൻ പാടില്ലെന്ന് താൻ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവിൻറെ നിലപാട് അനുകരണീയ മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു.
ഇന്നലെ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ ആയിരുന്നു പ്രതിപക്ഷ നേതാവിൻറെ ഈ പരാമർശം. പ്രതിപക്ഷ നേതാവിന്റെ സ്വന്തം മണ്ഡലമായ പരവൂരിൽ ഓണച്ചന്ത ഉദ്ഘാടനം ചെയ്യുന്ന വേളയിൽ എല്ലാ സാധനങ്ങളുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പ്രസംഗിച്ചെന്നായിരുന്നു മന്ത്രി ജി ആർ അനിൽ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. എന്നാൽ, മന്ത്രി പച്ചക്കള്ളം പറയുന്നു എന്നും താൻ ആ ചടങ്ങിൽ പ്രസംഗിച്ചില്ല, നിലവിളക്ക് കൊളുത്തി മടങ്ങുക മാത്രമാണ് ചെയ്തത് എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാൽ, പ്രതിപക്ഷ നേതാവ് ആ ചടങ്ങിൽ പ്രസംഗിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ക്ഷമ ചോദിച്ചത്.
ഇത്തരത്തിലുള്ള ഒരു പരാമർശം തൻറെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു. ഭാവി തലമുറക്ക് മോശം മാതൃകയായി ഈ പരാമർശം സഭ രേഖകളിൽ ഉണ്ടാകാൻ പാടില്ല. അതിനാൽ രേഖകളിൽ നിന്ന് നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് താൻ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട് എന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.











