
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട നിരവധിപേരെ സംരക്ഷിച്ചിട്ടുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വി ഡി സതീശൻ ആരോപിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയിൽ പിണറായി വിജയന് പകരം വെക്കാൻ മറ്റൊരു മുഖ്യമന്ത്രിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തങ്ങളെ സംബന്ധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ അടഞ്ഞ അധ്യായമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
പിണറായിക്കൊപ്പമിരുന്ന് കൈ പൊക്കുന്ന എംഎൽഎ രണ്ടു ബലാത്സംഗ കേസിൽ പ്രതിയായ ആളാണ്. ലൈംഗിക അപവാദം നേരിട്ട ആളാണ് മന്ത്രിസഭയിൽ കൂടെയുള്ളത്. താക്കോൽ സ്ഥാനങ്ങളിലാണ് ആരോപണവിധേയരായ പലരും സിപിഎമ്മിലുള്ളത്. ഇവർക്കൊക്കെ എതിരെ എന്തു നടപടി എടുത്തെന്നും സതീശൻ ചോദിച്ചു. എല്ലാവരും ബഹുമാനിക്കുന്ന മുതിർന്ന സിപിഎം നേതാവ് നൽകിയ പരാതിയിൽ ആരോപണവിധേയനായ വ്യക്തി മുഖ്യമന്ത്രിയുടെ അടുത്തിരിക്കുന്നുവെന്നും എന്നാൽ പരാതി നൽകിയ ആളെ ഒതുക്കിയെന്നും സതീശൻ ആരോപിച്ചു.
‘‘മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ആൾ വൈകുന്നേരം എവിടെ ആയിരുന്നു എന്ന് അന്വേഷിച്ചിരുന്നോ? ഐബിയും സ്പെഷൽ ബ്രാഞ്ചും അടക്കം എല്ലാം ഉണ്ടായിട്ടും വൈകിട്ടായാൽ പ്രിൻസിപ്പൽ സെക്രട്ടറി എവിടെ പോകുന്നു എന്ന് മുഖ്യമന്ത്രി അന്വേഷിച്ചോ? ആ അവതാരം എത്ര സിപിഎം നേതാക്കളുടെ, മന്ത്രിമാരുടെ, സ്പീക്കറുടെ പേര് പറഞ്ഞു? ആർക്കെങ്കിലും എതിരെ കേസെടുത്തോ? ഒരു മാനനഷ്ട കേസ് എങ്കിലും ആരെങ്കിലും കൊടുത്തോ’’, സതീശൻ ചോദിച്ചു. എന്നിട്ട് ആ മുഖ്യമന്ത്രി തന്റെ നേർക്കാണ് വിരൽ ചൂണ്ടുന്നതെന്നും ആരോപണ വിധേയരായ ഇത്രയധികം പേരെ സംരക്ഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയില്ലെന്നും സതീശൻ പറഞ്ഞു.











