
ന്യൂഡൽഹി:സർവകലാശാലാ വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റികളുടെ രൂപീകരണത്തിൽ സംസ്ഥാന നിയമങ്ങളേക്കാൾ കേന്ദ്ര യുജിസി ചട്ടങ്ങൾക്കാണ് മുൻഗണനയെന്ന് സുപ്രീം കോടതി . 2018-ലെ യുജിസി റെഗുലേഷൻസിന് വിരുദ്ധമായ രീതിയിൽ സംസ്ഥാന സർക്കാരുകൾ ഉണ്ടാക്കുന്ന നിയമങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പുതുച്ചേരി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ (PTU) വിസി നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഈ സുപ്രധാന വിധി ഉണ്ടായത്. സർവകലാശാലാ നിയമപ്രകാരം വിസിയെ തിരഞ്ഞെടുക്കുന്ന സമിതിയിൽ യുജിസി ചെയർമാന്റെ പ്രതിനിധിയെ ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരം നിശ്ചയിക്കാനുള്ള അധികാരം ഭരണഘടനയുടെ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ടതാണെന്നും, അതിനാൽ തന്നെ ഇക്കാര്യത്തിൽ കേന്ദ്ര ചട്ടങ്ങൾ മറികടക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്നും കോടതി അടിവരയിട്ടു.
ഈ കേസിലെ വിസി ഡോ. എസ്. മോഹന്റെ നിയമനം അസാധുവാക്കിയെങ്കിലും, അദ്ദേഹത്തിന്റെ അക്കാദമിക് യോഗ്യതകൾ പരിഗണിച്ച് കാലാവധി അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ പുതിയ നിയമനം നടക്കുന്നത് വരെയോ സ്ഥാനത്ത് തുടരാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. സമാനമായ രീതിയിൽ സെർച്ച് കമ്മിറ്റികളെ ചൊല്ലി തർക്കം നിലനിൽക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ വിസി നിയമനങ്ങളിലും ഈ വിധി നിർണ്ണായകമാകും.










