12:56am 17 June 2026
NEWS
വധശ്രമക്കേസിലെ പ്രതിയായ ബിജെപി കൗൺസിലർ സുഗതൻ അറസ്റ്റിൽ; പിടികൂടുന്നതിനിടെ പോലീസും സു​ഗതന്റെ അനുയായികളും തമ്മിൽ സംഘർഷം
10/06/2026  06:59 AM IST
nila
വധശ്രമക്കേസിലെ പ്രതിയായ ബിജെപി കൗൺസിലർ സുഗതൻ അറസ്റ്റിൽ; പിടികൂടുന്നതിനിടെ പോലീസും  സു​ഗതന്റെ അനുയായികളും തമ്മിൽ സംഘർഷം

 

തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ സംഘർഷാവസ്ഥ. രഹസ്യവിവരത്തെ തുടർന്ന് വാഴോട്ടുകോണത്ത് എത്തിയ പോലീസ് സംഘത്തെ സുഗതനും അനുയായികളും ചേർന്ന് ആക്രമിച്ചെന്നാണ് പോലീസിന്റെ ആരോപണം.

സംഭവത്തിൽ വട്ടിയൂർക്കാവ് സി.ഐ. വിപിനും എസ്.ഐ. അഭിജിത്തിനും പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ ആത്മരക്ഷയ്ക്കും പ്രതികളെ കീഴ്പ്പെടുത്തുന്നതിനുമായി സി.ഐ. സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്തെന്നാണ് പോലീസ് വിശദീകരണം. തുടർന്ന് സുഗതനെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സി.ഐ. വിപിനെ കൂടുതൽ പരിശോധനകൾക്കായി സ്കാനിംഗിന് വിധേയനാക്കി.

മുൻപ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന സുഗതന്റെ കൗൺസിലർ സ്ഥാനാർഥിത്വം തന്നെ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. വധശ്രമക്കേസിൽ പ്രതിയായ സുഗതന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയും ജൂൺ 7-നകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതി നിർദേശം പാലിക്കാതെ ഒളിവിൽ കഴിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. ഇന്ന് പ്രദേശത്ത് എത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.

അറസ്റ്റിലായ സുഗതനെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു.

അതേസമയം, പോലീസിന്റെ നടപടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുഗതൻ രംഗത്തെത്തി. തനിക്ക് ചിക്കൻപോക്സ് ബാധിച്ചിരുന്നുവെന്നും കോടതിയിൽ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പോലീസ് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിനെ ചോദ്യം ചെയ്ത ഭാര്യയെയും മകനെയും പോലീസ് മർദിച്ചുവെന്നും സുഗതൻ ആരോപിച്ചു.

എന്നാൽ സുഗതനും അദ്ദേഹത്തിന്റെ സഹോദരനും ചേർന്നാണ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നും ആത്മരക്ഷയ്ക്കായാണ് വെടിയുതിർക്കേണ്ടി വന്നതെന്നുമാണ് പോലീസിന്റെ നിലപാട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img