
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് വത്തിക്കാൻ. കഴിഞ്ഞ ഒരാഴ്ച്ചയായി റോമിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മാർപാപ്പയുടെ ആരോഗ്യനില ഇന്നലത്തെക്കാൾ ഗുരുതരമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഈ മാസം 14-നാണ് പാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രോങ്കൈറ്റിസ് മൂർച്ഛിച്ചതിനെത്തുടർന്നായിരുന്നു ആശുപത്രിയിൽ ചികിത്സ തേടിയത്. ഫ്രാൻസിസ് മാർപാപ്പ ചികിത്സയോടു നന്നായി പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്നും മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സെർജിയോ ആൽഫിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മരുന്നുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് മനസ്സിലാക്കാൻ ഇനിയും സമയമെടുക്കുമെന്നും പൂർണമായും ഭേദമാകാൻ രണ്ടാഴ്ചവരെ എടുത്തേക്കാമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. 20 വയസ്സുപ്പോൾ, അണുബാധയെ തുടർന്ന് മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്തിരുന്നു. 2021-ൽ അദ്ദേഹത്തിന് വൻകുടൽ ശസ്ത്രക്രിയയും നടത്തിയിരുന്നു.











