
റോം: കത്തോലിക്ക സഭയിൽ സ്ത്രീകൾക്ക് ഡീക്കൻ പദവി തൽക്കാലം അനുവദിക്കേണ്ടതില്ലെന്ന് വത്തിക്കാനിലെ പ്രത്യേക കമ്മിഷൻ ശുപാർശ ചെയ്തു. 2016-ൽ കന്യാസ്ത്രീകളുടെ കൂട്ടായ്മയുടെ അഭ്യർത്ഥന പ്രകാരമാണ് ഫ്രാൻസിസ് മാർപാപ്പ ഈ വിഷയത്തിൽ പഠനം ആരംഭിച്ചത്. രണ്ട് കമ്മിഷനുകളെയാണ് ഇതുസംബന്ധിച്ച് പഠിക്കാനായി മാർപാപ്പ നിയോഗിച്ചത്. ഇതിൽ ഇറ്റലിയിലെ ആക്വില അതിരൂപതയുടെ മുൻ ആർച്ച്ബിഷപ്പും കർദിനാളുമായ ജ്യുസെപ്പെ പെത്രോക്കിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചത്. പൗരോഹിത്യത്തിലേക്കുള്ള വഴിയിലെ ആദ്യ പടിയായി ഡീക്കൻ പദവിയെ കാണുന്നതിനാൽ, സ്ത്രീകൾക്ക് ഈ പദവി നൽകുന്നതിനെക്കുറിച്ച് കൂടുതൽ പഠനം നടത്തണമെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.
കമ്മിഷൻ 2023 സെപ്റ്റംബറിൽ തയ്യാറാക്കിയ റിപ്പോർട്ട് മാർപാപ്പ് പ്രസിദ്ധീകരിക്കാൻ അനുമതി നൽകി. തീരുമാനം അന്തിമമല്ലെന്ന് കമ്മിഷൻ തന്നെ അറിയിച്ചു. 2022-ൽ കമ്മിഷന്റെ സിറ്റിങ്ങിൽ ഒന്നിനെതിരേ ഏഴ് വോട്ടുകൾക്കാണ് കമ്മീഷൻ അന്തിമ തീരുമാനത്തിലെത്തിയത്. സിനഡിന്റെ നിർദേശപ്രകാരം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 22 പരാതികളും പരിഗണിച്ച ശേഷമാണ് കമ്മീഷൻ ശുപാർശ മാർപാപ്പക്ക് കൈമാറിയത്.
രണ്ടു പ്രധാന അഭിപ്രായങ്ങളാണ് ഇതുസംബന്ധിച്ച് ഉയർന്നുവന്നത്. പൗരോഹിത്യത്തിൽ നിന്ന് സ്ത്രീകളെ പുറത്താക്കുന്നത് ദൈവത്തിന്റെ സൃഷ്ടിയുടെ തുല്യതക്ക് എതിരാണ് എന്നായിരുന്നു ഒരു വാദം. മറുവശത്ത്, ക്രിസ്തുവിന്റെ പുരുഷത്വമാണ് പദവിയ്ക്ക് യോഗ്യത നിശ്ചയിക്കുന്നതെന്ന് വത്തിക്കാന്റെ ഔദ്യോഗിക മാധ്യമം ‘വത്തിക്കാൻ ന്യൂസ്’ വ്യക്തമാക്കി. വിശുദ്ധ പത്രോസിന്റെയും മാതാവിന്റെയും ഉദാഹരണങ്ങളാണ് കമ്മിഷൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ, സാമൂഹികസേവന മേഖലകളിൽ വനിതാ ഡീക്കൻമാരെ നിയമിക്കാമെന്നും, ലിംഗവിവേചനം കുറയ്ക്കുന്നതിന് ഇത് സഹായകരമാവുമെന്നും കമ്മിഷൻ ശുപാർശ ചെയ്തു.











