02:27am 11 September 2026
NEWS
മത്സ്യബന്ധന അടിസ്ഥാന സൗകര്യ വികസനം വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
10/09/2026  06:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മത്സ്യബന്ധന അടിസ്ഥാന സൗകര്യ വികസനം വിവിധ  പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (PMMSY) പദ്ധതിയുടെ ഭാഗമായി വിവിധ മത്സ്യബന്ധന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെയും ഉദ്ഘാടനവും വിതരണവും ഇന്ന് നടക്കും. (സെപ്റ്റംബർ 11 )

വൈകിട്ട് 4ന് ഫിഷറീസ്, ഹാർബർ എൻജിനിയറിങ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ  നായരമ്പലം ഗ്രാമപഞ്ചായത്ത് ഹാളിൽ പരിപാടി ഉദ്ഘാടനം ചെയ്യും.

ആധുനിക മത്സ്യഗ്രാമ വികസനം, കാലാവസ്ഥാ പ്രതിരോധ മത്സ്യഗ്രാമങ്ങൾ എന്നിവയുടെ ഭാഗമായി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനവും ചടങ്ങിൽ നടക്കും. നായരമ്പലം മത്സ്യഗ്രാമത്തിൽ മൾട്ടിപർപ്പസ് യൂട്ടിലിറ്റി സെൻ്റർ, ഫിഷ് ലാൻഡിംഗ് സെന്റ്റർ, പബ്ലിക് ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. കൂടാതെ ഞാറക്കൽ മത്സ്യഗ്രാമത്തിൽ പൊതു മാർക്കറ്റും സ്ഥാപിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന പദ്ധതികളുടെ ഭാഗമായി എടവനക്കാട് മത്സ്യഗ്രാമത്തിലെ നാല് ഗുണഭോക്താക്കൾക്ക് ഫിഷ് വെൻഡിംഗ് കിയോസ്കുകളും, ഞാറക്കൽ മത്സ്യഗ്രാമത്തിലെ മൂന്ന് ഗുണഭോക്താക്കൾക്ക് ഓട്ടോ ഫിഷ് വെൻഡിംഗ് കിയോസ്കുകളും വിതരണം ചെയ്യും. മത്സ്യബന്ധന ബോട്ടുകളിൽ കടലാമകളുടെ സംരക്ഷണത്തിനായി ട്രോൾ വലകളിൽ ഘടിപ്പിക്കുന്ന ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് (TED) വിതരണവും ചടങ്ങിൽ നടക്കും. മത്സ്യഫെഡിന്റെ നേതൃത്വത്തിൽ ഞാറക്കൽ മാലിപ്പുറം ഫാമുകളിൽ PMMSY പദ്ധതി പ്രകാരം പൂർത്തീകരിച്ച ലൈവ് ഫിഷ് വെൻഡിങ് കിയോസ്കുകളുടെ ഉദ്ഘാടനവും മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠനത്തിന് പ്രോത്സാഹനം നൽകുന്നതിനായി ' മികവ് 2026' അവാർഡ് വിതരണവും പടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

 ടോണി ചമ്മണി എം.എൽ.എ  അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  ഹൈബി ഈഡൻ എം.പി.  മുഖ്യാതിഥിയായിരിക്കും. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img