09:09am 09 November 2026
NEWS
പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരന്റെ സ്വകാര്യ ഭാ​ഗം പൊള്ളിച്ചു; അധ്യാപികയ്ക്കും സ്‌കൂൾ അധികൃതർക്കുമെതിരെ കേസ്
27/07/2026  06:18 PM IST
nila
പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരന്റെ സ്വകാര്യ ഭാ​ഗം പൊള്ളിച്ചു; അധ്യാപികയ്ക്കും സ്‌കൂൾ അധികൃതർക്കുമെതിരെ കേസ്

വാരാണാസി: നഴ്‌സറി വിദ്യാർത്ഥിയായ അഞ്ചുവയസ്സുകാരനോട് അധ്യാപിക ക്രൂരമായി പെരുമാറിയെന്ന പരാതിയിൽ അധ്യാപികയ്ക്കും സ്‌കൂൾ അധികൃതർക്കുമെതിരെ പോലീസ് കേസെടുത്തു. ക്ലാസിനിടെ പാന്റിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചെന്നാണ് ആരോപണം. ഉത്തർപ്രദേശിലെ വാരണാസിയിലാണ് സംഭവം.

പാണ്ഡേപുരിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന കുട്ടി ജൂലൈ 24-ന് ക്ലാസിനിടെ മൂത്രമൊഴിക്കാൻ അനുമതി തേടിയെങ്കിലും അധ്യാപിക അത് നിഷേധിച്ചുവെന്നാണ് കുടുംബം പറയുന്നത്. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കുട്ടി ട്രൗസറിൽ തന്നെ മൂത്രമൊഴിക്കുകയായിരുന്നു.

ഇതിൽ പ്രകോപിതയായ അധ്യാപിക പ്രീതി കുശ്വാഹ കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ഗ്യാസ് സ്റ്റൗവിൽ ചൂടാക്കിയ കത്തി ഉപയോഗിച്ച് സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി. സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

വീട്ടിലെത്തിയ ശേഷം കുട്ടി കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അമ്മ പരിശോധിച്ചപ്പോഴാണ് പൊള്ളലേറ്റ വിവരം മനസ്സിലായത്. തുടർന്ന് മാതാപിതാക്കൾ സ്‌കൂൾ പ്രിൻസിപ്പലിനെയും മാനേജ്‌മെന്റിനെയും സമീപിച്ചെങ്കിലും നടപടി സ്വീകരിക്കുന്നതിന് പകരം ഭീഷണിപ്പെടുത്തിയെന്നാണ് അവരുടെ ആരോപണം. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികയ്ക്കും പ്രിൻസിപ്പലിനും സ്‌കൂൾ മാനേജ്‌മെന്റിനുമെതിരെ വാരാണാസി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തി. കുട്ടികളോട് അധ്യാപകർ സഹാനുഭൂതിയോടെയും മാനുഷികമായ സമീപനത്തോടെയും പെരുമാറേണ്ടത് അനിവാര്യമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img