
ന്യൂഡൽഹി: ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ചെങ്കോട്ടയിൽ പുതിയ ക്രമീകരണം. ദേശീയഗാനത്തിന് മുൻപായി ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിച്ച ശേഷമായിരിക്കും പതിവ് ചടങ്ങുകൾ നടക്കുക. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ക്രമീകരണം ഏർപ്പെടുത്തുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. ‘വന്ദേമാതരം’ രചിക്കപ്പെട്ടതിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചടങ്ങുകളുടെ ക്രമത്തിൽ മാറ്റം വരുത്തുന്നതെന്ന് പ്രതിരോധ സെക്രട്ടറി ആർ.കെ. സിങ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയുടെ മുൻഭാഗത്ത് എത്തുന്നതോടെ ആദ്യം ‘വന്ദേമാതരം’ ആലപിക്കും. ഈ സമയത്ത് ചടങ്ങിൽ പങ്കെടുക്കുന്നവർ എഴുന്നേറ്റുനിൽക്കും. തുടർന്ന് പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യും. പതാക ഉയർത്തിയതിന് പിന്നാലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.
യുവതലമുറയ്ക്ക് ഇത്തവണ പ്രത്യേക പരിഗണന
ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ജെൻസീ തലമുറയിലെ പ്രതിഭകൾക്ക് പ്രത്യേക പ്രാധാന്യം നൽകാനും തീരുമാനിച്ചിട്ടുണ്ട്. അടുത്തിടെ രാജ്യത്ത് ഉയർന്ന പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾ, വിദ്യാർഥി പ്രക്ഷോഭങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂടെ യുവാക്കളും ഉദ്യോഗാർഥികളും ദേശീയ ശ്രദ്ധയിൽ ഇടം നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി യുവതലമുറയ്ക്ക് കൂടുതൽ പ്രാതിനിധ്യവും പരിഗണനയും നൽകുന്നത്.










