08:19pm 30 April 2026
NEWS
വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ പ്രഖ്യാപിച്ചു; കേരളത്തിന് മൂന്ന് പ്രധാന റൂട്ടുകൾ പരിഗണനയിൽ
12/01/2026  01:46 PM IST
nila
വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ പ്രഖ്യാപിച്ചു; കേരളത്തിന് മൂന്ന് പ്രധാന റൂട്ടുകൾ പരിഗണനയിൽ

ന്യൂഡൽഹി:  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ യാത്രാനിരക്കുകൾ റെയിൽവേ പ്രഖ്യാപിച്ചു. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് റയിൽവെ വന്ദേഭാരത് സ്ലീപ്പറിന്റെ യാത്രാ നിരക്കുകൾ പ്രഖ്യാപിച്ചത്. ഗുവാഹത്തി–ഹൗറ റൂട്ടിലാണ് ആദ്യമായി വന്ദേ സ്ലീപ്പർ സർവീസ് ആരംഭിക്കുക. ഇതിന് പിന്നാലെ കേരളത്തിലേക്കും വന്ദേഭാരത് എത്തും. കേരളത്തിലെ മൂന്ന് പ്രധാന റൂട്ടുകൾ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വന്ദേ സ്ലീപ്പർ ട്രെയിനിലെ തേർഡ് എസി കോച്ചിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 960 രൂപയാണ്. ഈ നിരക്കിൽ 400 കിലോമീറ്റർ വരെ യാത്ര ചെയ്യാം. ആർഎസിയോ വെയിറ്റിങ് ലിസ്റ്റോ അനുവദിക്കില്ല. കൺഫേം ടിക്കറ്റുകൾ മാത്രമേ വന്ദേ സ്ലീപ്പറിൽ ലഭ്യമാകൂ. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്കായി പ്രത്യേക ക്വാട്ടയും ട്രെയിനിൽ ലഭ്യമാക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.

നിരക്കുകളുടെ വിശദാംശങ്ങൾ

  • തേർഡ് എസി: 400 കിലോമീറ്റർ വരെ 960 രൂപ. അതിന് ശേഷം ഓരോ കിലോമീറ്ററിനും 2.40 രൂപ വീതം അധികം.
  • സെക്കന്റ് എസി: മിനിമം നിരക്ക് 1240 രൂപ. 400 കിലോമീറ്ററിന് ശേഷം കിലോമീറ്ററിന് 3.10 രൂപ.
  • ഫസ്റ്റ് എസി: മിനിമം ചാർജ് 1520 രൂപ. തുടർന്ന് ഓരോ കിലോമീറ്ററിനും 3.80 രൂപ.

ഇവയ്ക്ക് പുറമെ ജിഎസ്ടിയും ഈടാക്കും.

കേരളം കേന്ദ്രീകരിച്ചുള്ള നിരക്കുകൾ

മംഗളൂരു–തിരുവനന്തപുരം (കോട്ടയം വഴി) 631 കിലോമീറ്റർ ദൂരമുള്ള റൂട്ടിൽ വന്ദേ സ്ലീപ്പർ വന്നാൽ:

  • തേർഡ് എസി – 1514.40 രൂപ
  • സെക്കന്റ് എസി – 1956.10 രൂപ
  • ഫസ്റ്റ് എസി – 2397.80 രൂപ

തിരുവനന്തപുരം–ചെന്നൈ (പാലക്കാട് വഴി) 922 കിലോമീറ്റർ ദൂരമുള്ള റൂട്ടിൽ:

  • തേർഡ് എസി – 2212.80 രൂപ
  • സെക്കന്റ് എസി – 2858.20 രൂപ
  • ഫസ്റ്റ് എസി – 3503.60 രൂപ

തിരുവനന്തപുരം–ബെംഗളൂരു റൂട്ടിൽ (844 കിലോമീറ്റർ):

  • തേർഡ് എസി – 2025.60 രൂപ
  • സെക്കന്റ് എസി – 2616.40 രൂപ
  • ഫസ്റ്റ് എസി – 3207.20 രൂപ

കേരളത്തിലെ സാധ്യതാ റൂട്ടുകൾ

കേരളത്തിൽ തിരുവനന്തപുരം–ചെന്നൈ, തിരുവനന്തപുരം–ബെംഗളൂരു, തിരുവനന്തപുരം–മംഗളൂരു എന്നീ മൂന്ന് റൂട്ടുകളിലാണ് വന്ദേ സ്ലീപ്പർ പരിഗണിക്കുന്നത്. ഇതിൽ ചെന്നൈ, ബെംഗളൂരു റൂട്ടുകൾക്ക് മുൻഗണനയുണ്ടെന്നാണ് സൂചന. നിലവിൽ ഓടുന്ന രണ്ട് വന്ദേ ഭാരത് എക്സ്പ്രസുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം തിരുവനന്തപുരം–മംഗളൂരു റൂട്ടിന് അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു.

വേഗതയും സൗകര്യങ്ങളും

രാജധാനി പോലുള്ള പ്രീമിയം ട്രെയിനുകളെക്കാൾ ഉയർന്ന നിരക്കാണ് വന്ദേ സ്ലീപ്പറിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ, പരമാവധി 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനുള്ള ശേഷി വന്ദേ സ്ലീപ്പറിനുണ്ട്. സുരക്ഷാ കാരണങ്ങളാൽ നിലവിൽ 130 കിലോമീറ്റർ വേഗതയിലാണ് ഓട്ടം നടത്തുക. മികച്ച ബെർത്തുകൾ, ഓട്ടോമാറ്റിക് ഡോറുകൾ, ഉയർന്ന നിലവാരമുള്ള സസ്‌പെൻഷൻ, കുറഞ്ഞ ശബ്ദം, അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പ്രധാന സവിശേഷതകൾ. പുതിയ തലമുറ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന വന്ദേ സ്ലീപ്പർ, നിരക്കും സൗകര്യങ്ങളും ചേർന്ന് ദീർഘദൂര യാത്രകളിൽ റെയിൽവേയുടെ പുതിയ മുഖമായി മാറുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img