11:27pm 08 August 2026
NEWS
‘വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമേ ആലപിക്കൂ’; സർക്കാർ ഉത്തരവിൽ നിലപാട് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി
08/08/2026  09:09 PM IST
nila
‘വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമേ  ആലപിക്കൂ’; സർക്കാർ ഉത്തരവിൽ നിലപാട് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ‘വന്ദേമാതരം’ പൂർണമായി ആലപിക്കണമെന്ന സർക്കാർ നിർദേശത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും അഖിലേന്ത്യാതലത്തിലുള്ള നിലപാട് അനുസരിച്ച് ‘വന്ദേമാതരത്തിന്റെ’ ആദ്യഭാഗം മാത്രമേ ആലപിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

ഗാനത്തിന്റെ ആദ്യഭാഗം മാത്രമാണ് കാലങ്ങളായി കോൺഗ്രസിന്റെയും മുന്നണിയുടെയും പരിപാടികളിൽ ആലപിച്ചുവരുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ‘വന്ദേമാതരം’ പൂർണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ പുതിയ നിർദേശവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ചീഫ് സെക്രട്ടറി പുറത്തിറക്കിയ നിർദേശത്തിന്റെ പൂർണമായ വിശദാംശങ്ങൾ പരിശോധിച്ചശേഷമേ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനാകൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുതിയ നിർദേശത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം കൂടുതൽ വിശദീകരണം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ആറ് ചരണങ്ങളും ആലപിക്കണമെന്ന് നിർദേശം

സംസ്ഥാന ഗീതമുണ്ടെങ്കിൽ ആദ്യം അതും തുടർന്ന് ദേശീയഗാനമായ ‘വന്ദേമാതരവും’ അതിന് പിന്നാലെ ദേശീയഗാനവും ചടങ്ങുകളിൽ ആലപിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശം. ‘വന്ദേമാതരത്തിന്റെ’ യഥാർഥ കവിതയിലെ ആറ് ചരണങ്ങളും ഒഴിവാക്കാതെ പൂർണമായി ആലപിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയഗാനത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കൻഡുമാണ്. ദേശീയഗാനം ആലപിക്കുമ്പോൾ വരികളും ചിഹ്നങ്ങളും കൃത്യമായി പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്കും വിവിധ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും നിർദേശങ്ങൾ കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ‘വന്ദേമാതരം’ പൂർണമായി ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകിയത്.

അതേസമയം, ‘വന്ദേമാതരം’ പൂർണമായി ആലപിക്കണമെന്ന ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തിയിരുന്നു. വന്ദേമാതരം പൂർണമായി പാടുന്നത് ആർ.എസ്.എസിന് കീഴടങ്ങുന്നതിന് തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പിൻവലിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img