08:19pm 20 September 2026
NEWS
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്നു മുതൽ ഓടിത്തുടങ്ങും; പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്യും
17/01/2026  06:21 AM IST
nila
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്നു മുതൽ ഓടിത്തുടങ്ങും; പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്യും

ഇന്ത്യൻ റെയിൽവേയുടെ ദീർഘദൂര യാത്രാ സംവിധാനത്തിൽ പുതിയ അധ്യായം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്നു മുതൽ ഓടിത്തുടങ്ങും. അസം–ബംഗാൾ റൂട്ടായ ഗുവാഹത്തി–ഹൗറ പാതയിലെ ആദ്യ സ്ലീപ്പർ വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. മാൾഡയിൽ നടക്കുന്ന പരിപാടിയിൽ 3,250 കോടി രൂപയിലധികം മൂല്യമുള്ള റെയിൽ-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും.

പകൽ സർവീസുകളിൽ വൻ ഹിറ്റായ വന്ദേ ഭാരത് ചെയർകാർ ട്രെയിനുകളുടെ സാങ്കേതിക മികവാണ് സ്ലീപ്പർ പതിപ്പിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള ട്രെയിനിൽ 16 കോച്ചുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ 833 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. വിമാനസേവനങ്ങളെ അനുസ്മരിപ്പിക്കുന്ന ഭക്ഷണ സൗകര്യങ്ങൾ ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം ഉൾപ്പെടെയുള്ള ഏകദേശ ടിക്കറ്റ് നിരക്ക് തേഡ് എസിയിൽ 2,300 രൂപയും, സെക്കൻഡ് എസിയിൽ 3,000 രൂപയും, ഫസ്റ്റ് എസിയിൽ 3,600 രൂപയുമായിരിക്കും.

കുലുക്കമില്ലാത്ത സഞ്ചാരം ഉറപ്പാക്കുന്ന സംവിധാനങ്ങൾ, മെച്ചപ്പെട്ട ബെർത്ത് രൂപകൽപ്പന, ഓട്ടമാറ്റിക് വാതിലുകൾ, കവച് സുരക്ഷാ സംവിധാനം, അടിയന്തര ടോക്ക്-ബാക്ക് സിസ്റ്റം, ഉയർന്ന ശുചിത്വ നിലവാരം, അണുമുക്തവും ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതുമായ അന്തരീക്ഷം എന്നിവയാണ് സ്ലീപ്പർ വന്ദേ ഭാരത് ട്രെയിനിന്റെ മുഖ്യ സവിശേഷതകൾ. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ട്രെയിനാണിത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img