12:54pm 06 October 2026
NEWS
ബെംഗളൂരു -മുംബൈ റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ വരുന്നു.
06/10/2026  11:03 AM IST
വിഷ്ണുമംഗലം കുമാർ
ബെംഗളൂരു -മുംബൈ റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ വരുന്നു

ബെംഗളൂരു: യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബംഗളുരു -മുംബൈ റൂട്ടിൽ സർവീസ് ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ബംഗളുരുവിൽ നിന്ന് രാത്രി  പുറപ്പെട്ട്  രാവിലെ മുംബൈയിലെത്തുന്ന രീതിയിലാണ് സർവീസ് ആസൂത്രണം ചെയ്യുന്നത്. ഏകദേശം 15–16 മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കുകയാണ് ലക്ഷ്യം.
കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിൽ നിന്ന് മുംബൈ സി.എസ്.എം.ടി.യിലേക്കാണ് സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്. 16 കോച്ചുകളുള്ള സ്ലീപ്പർ റേക്ക് ഉപയോഗിക്കാനാണ് പദ്ധതി. യാത്രക്കാർക്ക് കിടന്ന് സുഖകരമായി യാത്ര ചെയ്യാൻ കഴിയുന്നതിനൊപ്പം നിലവിലുള്ള സർവീസുകളേക്കാൾ യാത്രാസമയം ഗണ്യമായി കുറയ്ക്കാനും പുതിയ ട്രെയിൻ സഹായിക്കുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
എന്നാൽ ട്രെയിനിന്റെ അന്തിമ റൂട്ട്, പ്രധാന സ്റ്റോപ്പുകൾ, കൃത്യമായ സമയക്രമം, ട്രെയിൻ നമ്പർ, ടിക്കറ്റ് നിരക്ക്, ഉദ്ഘാടന തീയതി തുടങ്ങിയ കാര്യങ്ങളിൽ റെയിൽവേയുടെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും വരാനുണ്ട്. സോളാപൂർ–കലബുറഗി വഴിയും ഹുബ്ബള്ളി വഴിയും ഉൾപ്പെടെ വിവിധ റൂട്ട് സാധ്യതകൾ നേരത്തെ പരിഗണിക്കപ്പെട്ടിരുന്നു.
നിലവിൽ ബെംഗളൂരു–മുംബൈ നേരിട്ടുള്ള ചില ട്രെയിനുകൾക്ക് 24 മണിക്കൂറോ അതിലധികമോ സമയം വേണ്ടിവരുന്ന സാഹചര്യത്തിൽ, പുതിയ സ്ലീപ്പർ വന്ദേ ഭാരത് സർവീസ് ആരംഭിച്ചാൽ ഇരുനഗരങ്ങൾക്കുമിടയിലെ രാത്രിയാത്ര കൂടുതൽ വേഗത്തിലാക്കാൻ കഴിയും. പ്രത്യേകിച്ച് ബിസിനസ് യാത്രക്കാർക്കും സ്ഥിരമായി ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിൽ സഞ്ചരിക്കുന്നവർക്കും പുതിയ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
റൂട്ടിലെ അനിശ്ചിതത്വം  ഉടൻ പരിഹരിക്കപ്പെടും. ഈ ട്രെയിൻ സർവീസിനെ കുറിച്ചുള്ള പ്രഖ്യാപനം ഈ മാസം പകുതിയോടെ ഉണ്ടായേക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img