10:10am 28 July 2026
NEWS
വന്ദേ ഭാരത് ട്രെയിനിൽ നൽകിയ വടയിൽ ഫെവിക്വിക് ട്യൂബ്; യാത്രക്കാരൻ പരാതി നൽകി
28/07/2026  06:58 AM IST
nila
വന്ദേ ഭാരത് ട്രെയിനിൽ നൽകിയ വടയിൽ ഫെവിക്വിക് ട്യൂബ്; യാത്രക്കാരൻ പരാതി നൽകി

ചെന്നൈ: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത വൈകിട്ടത്തെ ലഘുഭക്ഷണത്തിനിടെ ഗുരുതര അശ്രദ്ധ. മൈസൂരു–ചെന്നൈ വന്ദേഭാരതിൽ ചായയ്ക്കൊപ്പം നൽകിയ പരിപ്പ് വടയ്ക്കുള്ളിൽ ഫെവിക്വിക് പശയുടെ ട്യൂബ് കണ്ടെത്തിയതായി യാത്രക്കാർ ആരോപിച്ചു. സംഭവം സംബന്ധിച്ച് ഐആർസിടിസിക്ക് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചതായി യാത്രക്കാർ വ്യക്തമാക്കി.

ട്രെയിൻ നമ്പർ 20608-ൽ യാത്ര ചെയ്തിരുന്ന ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് 3241 ഇ അംഗങ്ങൾക്കാണ് ഈ ദുരനുഭവം നേരിട്ടത്. വൈകിട്ട് മൂന്ന് മണിയോടെ ലഘുഭക്ഷണം വിതരണം ചെയ്തപ്പോഴാണ് സംഭവം നടന്നതെന്ന് സംഘത്തിലുണ്ടായിരുന്ന ഡോ. സത്യമൂർത്തി ബാലസുബ്രഹ്മണ്യം പറഞ്ഞു.

സംഘത്തിലെ ഡി. ശേഖർ പരിപ്പ് വട കടിച്ചപ്പോഴാണ് അതിനുള്ളിൽ ഫെവിക്വിക് ട്യൂബ് കണ്ടെത്തിയത്. കടിച്ചതോടെ ട്യൂബ് പൊട്ടി പശ വായിലേക്ക് പടർന്നതായും അദ്ദേഹം പറഞ്ഞു. ഉടൻതന്നെ വായിൽ നിന്നു പശ നീക്കം ചെയ്തതിനാൽ വലിയ ആരോഗ്യപ്രശ്നം ഒഴിവായെന്നാണ് വിവരം.

സംഭവത്തിൽ ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് യാത്രക്കാർ ആരോപിച്ചു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ ഉറപ്പുനൽകിയതായും പരാതിക്കാർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img