
എറണാകുളം–തൃശൂർ–പാലക്കാട്–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് ഉടൻ ആരംഭിക്കും. എറണാകുളം–ബെംഗളൂരു വന്ദേഭാരത് സർവീസിന്റെ ഷെഡ്യൂൾ റെയിൽവേ ഔദ്യോഗികമായി പുറത്തിറക്കി. സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന. ബുധനാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ട്രെയിൻ ഓടും.
പുതിയ ഷെഡ്യൂൾ പ്രകാരം, എറണാകുളം ജങ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 2.20ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.00ന് കെ.എസ്.ആർ. ബെംഗളൂരുവിലെത്തും. തിരിച്ചുള്ള സർവീസ് രാവിലെ 5.10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും.ട്രെയിനിന് തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം, കൃഷ്ണരാജപുരം എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ബെംഗളൂരു നഗരത്തിൽ ഐടി മേഖലയിലടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന സാഹചര്യത്തിൽ, ഈ റൂട്ടിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയർന്നിരുന്നു.
ഉത്സവസീസണുകളിലും അവധിദിവസങ്ങളിലും ഈ മാർഗ്ഗത്തിൽ കനത്ത തിരക്ക് അനുഭവപ്പെടാറുള്ളതിനാൽ, വന്ദേഭാരത് സർവീസ് യാത്രക്കാർക്ക് വലിയ ആശ്വാസമായിരിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലും സൗകര്യത്തിലുമാകും.











