12:29am 06 August 2026
NEWS
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: ഗവർണർ പി.എസ്. ശ്രീധരൻപിള്ള
11/01/2025  05:54 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: ഗവർണർ പി.എസ്. ശ്രീധരൻപിള്ള
HIGHLIGHTS
കൊച്ചി: പുതിയ തലമുറയിലെ കുട്ടികളെ നീതിയുടെയും ധർമ്മത്തിൻ്റെയും സത്യസന്ധതയുടെയും വക്താക്കളായി വാർത്തെടുക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമെന്ന് ഗോവ ഗവർണറും എഴുത്തുകാരനുമായ പി.എസ്. ശ്രീധരൻ പിള്ള. വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഡയമണ്ട് ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിക് തലത്തിൽ എന്തെല്ലാം നേട്ടങ്ങൾ കൈവരിച്ചാലും മൂല്യാധിഷ്ഠിതമല്ലെങ്കിൽ അവ നിഷ്ഫലമാണ്. അങ്ങനെയൊരു വിദ്യാഭ്യാസക്രമത്തിനു വേണ്ടിയുള്ള ശ്രമങ്ങളും കൂട്ടായ്മയും ഉണ്ടാകണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. അതിനായി ഗാന്ധിജിയുടെ വാർധ അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയിലേക്കും സ്വാമി വിവേകാനന്ദൻ്റെ എജ്യുക്കേഷൻ ഈസ് ദ മാനിഫെസ്റ്റേഷൻ ഓഫ് പെർഫെക്ഷൻ വിത്തിൻ എ ഹ്യൂമൺ ബീയിങ്ങ് എന്ന കാഴ്ചപ്പാടിലേക്കും തിരിച്ചു പോകേണ്ടി വരും. ഇന്നല്ലെങ്കിൽ നാളെയെങ്കിലും അത്തരം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലേക്കുള്ള തിരിച്ചു പോക്ക് അനിവാര്യമാണ്. അങ്ങനെ പഠിച്ചു വരുന്ന കുട്ടികൾ അക്കാദമിക്ക് മികവിൽ മറ്റാർക്കും താഴെയാകില്ല. വിദ്യാഭ്യാസ മേഖലയെപ്പറ്റിയുള്ള ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ പഠനം മാതൃഭാഷയുടെ പ്രാധാന്യത്തെയാണ് എടുത്തുകാട്ടുന്നതെന്ന് ഗവർണർ പറഞ്ഞു. ലോകത്ത് ഏഴായിരത്തോളം ഭാഷകളുണ്ടായിരുന്ന സ്ഥാനത്ത് പകുതിയോളം ഭാഷകൾക്ക് വംശനാശം സംഭവിച്ചു. അക്കാദമിക്ക് തലത്തിൽ മത്സരപരീക്ഷ ജയിക്കാൻ എല്ലാ കരുത്തും പ്രയോഗിക്കണമെങ്കിലും അതിലേക്കുള്ള ചൂണ്ടുപലക മാതൃഭാഷയായിരിക്കണം. യുഎൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മാതൃഭാഷ ഏറ്റവും ഇഷ്ടപ്പെടേണ്ടതും പരിപോഷിപ്പിക്കപ്പെടേണ്ടതുമായി കാണുന്നത്. ശാസ്ത്രമായാലും സാങ്കേതിക വിദ്യയായാലും പഠിതാവിലേക്ക് ഏറ്റവും പെട്ടെന്ന് കടന്നു ചെല്ലാവുന്ന ഒറ്റമൂലി മാതൃഭാഷയാണ്. ഇന്ത്യയിലെ ഏതാനും മെഡിക്കൽ, എൻജിനീയറിംഗ് കോളേജുകളിൽ പഠന മാധ്യമം മാതൃഭാഷയിൽ ആക്കിയതും ഇതേത്തുടർന്നാണ്. നിശ്ചിത പ്രായം വരെ കുട്ടികൾക്ക് മാതൃഭാഷ നിർബന്ധമാക്കാൻ 1956 ൽ നെഹ്റു കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയാണ് ഇപ്പോൾ പ്രായോഗികമാക്കിക്കൊണ്ടിരിക്കുന്നത്. എബനേസർ സ്കൂൾ വിസ്മയകരമായ വിദ്യാഭ്യാസ സ്ഥാപനമാണെന്നും ഗവർണർ പറഞ്ഞു. എറണാകുളം ജില്ലയിൽ എണ്ണം കൊണ്ടും ചരിത്രപരമായ പ്രാധാന്യം കൊണ്ടും എബനേസർ സ്കൂൾ മുൻപന്തിയിലാണ്. ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ താൻ വീണ്ടുമെത്തുമെന്നും പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യാക്കോബായ വലിയ മെത്രാപ്പോലിത്ത ഡോ. എബ്രഹാം സേവറിയോസ്, മാർ എപ്പിസ്കോപ്പ ജോർജ് മാന്തോട്ടം, സ്കൂൾ മാനേജർ കമാൻഡർ സി.കെ.ഷാജി, പ്രിൻസിപ്പൽ ബിജുകുമാർ, പ്രധാനാധ്യാപിക ജിമോൾ കെ ജോർജ്, പിടിഎ പ്രസിഡൻ്റ് മോഹൻ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു. ഗവർണർക്ക് സ്കൂൾ വക ഉപഹാരം മാനേജർ സമ്മാനിച്ചു. നേരത്തേ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ എസ് പി സി യുടെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഹോണർ നൽകിയാണ് സ്വീകരിച്ചത് . സൗഗ്രന്ഥികം എന്നു പേരിട്ട നവീകരിച്ച സ്കൂൾ ഗ്രന്ഥശാലയുടെ ഉദ്ഘാടനവും ഗവർണർ നിർവ്വഹിച്ചു.പി.എസ്. ശ്രീധരൻപിള്ള എഴുതിയ 249 പുസ്തകങ്ങൾ ലൈബ്രറിക്ക് സംഭാവന ചെയ്തു. മലയാള ഭാഷയിൽ അച്ചടിക്കപ്പെട്ട ലോകത്തില ഏറ്റവും ചെറിയ പുസ്തകമായ 'രാസരസിക' ഉൾപ്പടെ അപൂർവ്വ ഗ്രന്ഥങ്ങൾ ഉൾപ്പെടുന്ന പായിപ്ര രാധാകൃഷ്ണൻ്റെ സ്വകാര്യ പുസ്തകശേഖരം സ്ക്കൂൾ ലൈബ്രറിക്ക് കൈമാറി. പി. എസ്. ശ്രീധരൻ പിള്ളയും പായിപ്ര രാധാകൃഷ്ണനും എഴുതിയ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേകം ഷെൽഫും കുട്ടികൾക്കായി തുറന്നു.'. മലയാളത്തിലെ പ്രശസ്ത വ്യക്തിത്വങ്ങൾ പായിപ്ര രാധാകൃഷ്ണനയച്ച കത്തുകൾ ഉൾപ്പെടുന്ന ഹസ്താക്ഷരശേഖരത്തിൻ്റെ സ്ഥിരം ഗാലറി ഉദ്ഘാടനവും നടന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img