
കുഫോസ് തേക്കടിയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുത്ത ആദിവാസി സ്ത്രീകളും പ്രവർത്തകരും കുഫോസ് വിദ്യാർഥികൾ, അധ്യാപകർ, കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം
തേക്കടി: കേരളത്തിലെ ജലാശയങ്ങളിലെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കും തദ്ദേശീയ മത്സ്യവർഗങ്ങൾക്കും ഭീഷണിയായ അധിനിവേശ മത്സ്യമായ ആഫ്രിക്കൻ മുഷിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനും ആദിവാസി സമൂഹങ്ങൾക്ക് സുസ്ഥിരമായ വരുമാനമാർഗം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിച്ച മൂല്യവർധിത ഉൽപ്പന്ന നിർമാണ പരിശീലന പരിപാടി തേക്കടിയിൽ സമാപിച്ചു.
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്), കേരള വനം വകുപ്പ്, കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ICAR) പിന്തുണയോടെയും പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന്റെ (PTCF) സഹകരണത്തോടെയുമാണ് പരിശീലനം സംഘടിപ്പിച്ചത്.
ജൂലൈ 8, 9 തീയതികളിലായി തേക്കടി മന്നാങ്കുടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിശീലനത്തിൽ പ്രദേശത്തെ ആദിവാസി വനിതകൾ പങ്കെടുത്തു. അധിനിവേശ ആഫ്രിക്കൻ മുഷിയിൽ നിന്ന് കട്ലറ്റ്, ഫിഷ് പിക്കിൾ, ഫിഷ് ബോൾ, മീൻമുള്ളിൽ നിന്നുള്ള എല്ല് പൊടി, pet foods, high protein jerky തുടങ്ങിയ ഉയർന്ന മൂല്യമുള്ള ഭക്ഷ്യോൽപ്പന്നങ്ങൾ ശാസ്ത്രീയമായി തയ്യാറാക്കുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് വിദഗ്ധർ നൽകിയത്.
അധിനിവേശ മത്സ്യങ്ങളുടെ സാന്നിധ്യം നിയന്ത്രിക്കുന്നതിനൊപ്പം അവയെ സാമ്പത്തിക മൂല്യമുള്ള ഉൽപ്പന്നങ്ങളാക്കി മാറ്റി ആദിവാസി സമൂഹങ്ങൾക്ക് സംരംഭകത്വവും സ്ഥിരവരുമാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അധിനിവേശ ആഫ്രിക്കൻ മുഷിയെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി ഫലപ്രദമായി വിനിയോഗിക്കുന്ന രാജ്യത്തെ ശ്രദ്ധേയമായ സംരംഭങ്ങളിലൊന്നായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.
പരിശീലനത്തിന്റെ ഭാഗമായി തയ്യാറാക്കിയ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഭക്ഷ്യമേള ജൂലൈ 10 മുതൽ ആരംഭിക്കും. ജൂലൈ 11 വരെ നടക്കുന്ന മേളയിൽ പൊതുജനങ്ങൾക്ക് ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും രുചിച്ചറിയാനുമുള്ള അവസരമൊരുക്കും. ഇതോടനുബന്ധിച്ച് മത്സ്യബന്ധന ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിക്കും.
അതേസമയം, കുഫോസിലെയും കേരള സർവകലാശാലയിലെയും വിദ്യാർഥികളുടെ നേതൃത്വത്തിൽ പെരിയാർ നദിയിൽ മത്സ്യസർവേ പുരോഗമിക്കുകയാണ്. ജലാശയങ്ങളിലെ മത്സ്യവൈവിധ്യവും അധിനിവേശ മത്സ്യങ്ങളുടെ വ്യാപനവും വിലയിരുത്തുന്നതിനുള്ള സർവേ ജൂലൈ 12 വരെ തുടരും.
Photo Courtesy - Google








