
മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ ഒരു മരണം കൂടി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലിയാണ് ഇന്ന് പുലർച്ചെ മരിച്ചത്. പാങ്ങ് ജി.എൽ.പി. സ്കൂളിലെ ബസ് ഡ്രൈവറാണ് മുപ്പത്തൊൻപതുകാരനായ നൗഷാദ് അലി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു നൗഷാദ് അലി.
അതേസമയം, ചികിത്സാപിഴവാണ് നൗഷാദ് അലിയുടെ മരണകാരണം എന്നാണ് ബന്ധുക്കൾ പറയുന്നത്. നൗഷാദ് അലിയുടെ ആരോഗ്യം വഷളായിട്ടും ഡോക്ടർമാരെത്താൻ വൈകിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ചികിത്സയിൽ കുടുംബത്തിന് തൃപ്തിയില്ലായിരുന്നുവെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ അനുവദിച്ചില്ലെന്നും ആരോപിക്കുന്നു. രണ്ട് ദിവസമായി വൈറ്റൽസ് നോർമലല്ലായിരുന്നു. നില വഷളായപ്പോൾ ഡോക്ടർമാരെ അറിയിച്ചിട്ട് ഒന്നര മണിക്കൂർ വൈകിയാണ് എത്തിയത്. പരാതി പറഞ്ഞപ്പോൾ കുടുംബത്തിനെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാൽപ്പാറയിൽ അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സർക്കാർ എൽ പി സ്‌കൂളിൽ നിന്നുള്ള അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാൻ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ അന്ന് തന്നെ ഒമ്പത് പേർ മരിക്കുകയായിരുന്നു.
പാങ്ങ് ജിഎൽപി സ്‌കൂളിലെ പ്രധാനാധ്യാപിക അജിത (54), അധ്യാപകാരായ റംല (52), സുഹറ(43), ആശ(41), മജീദ് (43), മജീദിന്റ ഭാര്യ റുഖിയ (39), സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത (45), പാങ്ങ് ജിഎൽപി സ്‌കൂളിൽ നിന്നും സമീപത്തെ പാങ്ങി ജിയുപി സ്‌കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന (47) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. സുഹറയുടെ മകൻ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയിൽ എത്തിയ ശേഷവും മരിച്ചു. ഡ്രൈവർ ഉൾപ്പെടെ 13 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
അതേസമയം അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്നാണ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഇറക്കത്തിൽ ഗിയർ ഡൗൺ ചെയ്യാതെ ഇറങ്ങിയതും അപകടത്തിന് കാരണമായിട്ടുണ്ടാവാം. വളവിൽ വേണ്ട ജാഗ്രത പുലർത്തിയിട്ടുണ്ടാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചുരം റോഡിന്റെ വശങ്ങളിൽ എല്ലായിടത്തും സുരക്ഷാ ബാരിക്കേഡ് സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.










