09:28pm 18 April 2026
NEWS
പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാൻ തേങ്ങലോടെ നാട്
18/04/2026  10:15 AM IST
nila
പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാൻ തേങ്ങലോടെ നാട്

മലപ്പുറം: വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ  പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ചു.  ഒന്നര മണിക്കൂറാണ് സ്‌കൂളിൽ പൊതുദർശനമുണ്ടാവുക. അതിനുശേഷം  അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുകയും സംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്യും. സ്‌കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചർ, അധ്യാപകരായ ആശ ടീച്ചർ, റംല ടീച്ചർ, ഷക്കീന ടീച്ചർ, മജീദ് മാസ്റ്റർ അദ്ദേഹത്തിന്റെ ഭാര്യ റുഖിയ, സഹായി സാജിത, സുഹ്‌റ ടീച്ചർ, പന്ത്രണ്ടുവയസുകാരൻ ഹിഷാം എന്നിവരുടെ മൃതദേഹങ്ങളാണ് സ്കൂളിൽ എത്തിച്ചത്. പാങ്ങ് ജിഎൽപി, ജിയുപി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ആദ്യം മൃതദേഹങ്ങളിൽ അദരാഞ്ജലികൾ അർപ്പിക്കുക. 

പ്രധാന അധ്യാപിക പുലാമന്തോൾ സ്വദേശി അജിതയുടെ സംസ്‌കാരം ഷൊർണൂർ ശാന്തി തീരത്ത് നടക്കും. ആശയുടെ സംസ്‌കാരം വീട്ടുവളപ്പിൽ നടക്കും. മജീദ്, ഭാര്യ റുഖിയ എന്നിവരുടെ ഖബറടക്കം മാട്ടാത്ത് മഹല്ലിലും റംല, സാജിദ, ഷക്കീല എന്നിവരുടെ ഖബറടക്കം പാങ്ങ് ജുമാ മസ്ജിദിലും നടക്കും. സുഹറ, മകൻ ഹിഷാം എന്നിവരുടെ ഖബറടക്കം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുളള മുഹമ്മദ് ഫായിസും നൗഷാദ് അലിയും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 48 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകു എന്നാണ് ഡോക്ടർമാർ പറയുന്നത്. ഷഹദിൻ മുഹമ്മദിനെ വാർഡിലേക്ക് മാറ്റി. ഷഹദിൻ അപകടനില തരണംചെയ്തിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ കളക്ടർ വിനയ് ഗോയൽ പറഞ്ഞു. സാഹചര്യം നോക്കി കേരളത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്ക് വലിയ ഷോക്കാണ് ഉണ്ടായതെന്നും അവർക്ക് കൗൺസലിംഗ് നൽകുമെന്നും കളക്ടർ അറിയിച്ചു.

ഇന്നലെ വൈകുന്നേരം 5.20നാണ് വാൽപ്പാറയിൽ അപകടം നടന്നത്. മിനിവാൻ വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വച്ച് വാഹനം നിയന്ത്രണം വിടുകയായിരുന്നു. വാഹനം പലവട്ടം കീഴ്‌മേൽ മറിഞ്ഞ് ഒമ്പതാം വളവിലേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ വാഹനം പൂർണമായും തകർന്നു. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം. പാങ്ങ് എൽപി സ്‌കൂളിലെ അധ്യാപകർ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്ന സമയത്താണ് ദുരന്തമുണ്ടായത്. ഡ്രൈവർ ഉൾപ്പെടെ 13 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img